കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ- മിസൈൽ ആക്രമണങ്ങളെ നിർവീര്യമാക്കിയത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് മിസൈൽ പ്രതിരോധ സംവിധാനം’ ആണ്.വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ആകാശിന്റെ ചുമതല. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈൽ സംവിധാനമാണ് ആകാശ്. ഡ്രോണുകൾ, മിസൈലുകൾ, ഹെലികോപ്റ്ററുകൾ, യുഎസിന്റെ എഫ്–16 പോലുള്ള യുദ്ധവിമാനങ്ങൾ എന്നിവയെ വരെ തടുക്കാൻ പാകത്തിലാണ് ആകാശിനെ രൂപപെടുത്തിയിരിക്കുന്നത്. 

ഇന്ത്യയുടെ ഇൻറഗ്രേറ്റഡ് കൗണ്ടർ അൻമാൻഡ് ഏരിയൽ സിസ്റ്റം ഗ്രിഡ്, റഷ്യൻ നിർമിത എസ്–400, വ്യോമവേധ ആയുധങ്ങൾ എന്നിവയോടൊപ്പമാണ് ആകാശിൻറെ പ്രവർത്തനം.ഈ ഹ്രസ്വദൂര മിസൈൽ സംവിധാനം ഹൈദരാബാദിലെ ഭാരത് ഡൈനമിക്‌സ്‌ ലിമിറ്റഡാണ് നിർമിക്കുന്നത്. 

യുദ്ധവിമാനങ്ങൾ, ക്രൂസ്‌ മിസൈലുകൾ, ആകാശത്തുനിന്ന്‌ കരയിലേക്ക്‌ വിക്ഷേപിക്കുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവയെ തകർക്കാൻ ആകാശിന്‌ ശേഷിയുണ്ട്‌. 20 കിലോമീറ്റർ വരെ ഉയരത്തിലുള്ള ലക്ഷ്യം തകർക്കാനാകും. ഒരേസമയം ശത്രുവിന്റെ 64 ആക്രമണങ്ങളെ വരെ നിരീക്ഷിക്കും. ഇതിലെ ഓരോ ലോഞ്ചറും മൂന്ന് മിസൈലുകൾ വഹിക്കും. ഓരോന്നിനും ഇരുപതടി നീളം, 710 കിലോ ഭാരം. 60 കിലോ പോർമുനയും വഹിക്കാനാകും. പൂർണമായും ഓട്ടോമാറ്റിക്‌ സംവിധാനമാണിത്‌. 

വിവരങ്ങൾ നിരീക്ഷിക്കാനും അതിവേഗത്തിൽ ശത്രുവിനെ തിരിച്ചറിയാനും നിർവീര്യമാക്കാനുമുള്ള ശേഷി ആകാശിനുണ്ട്‌.

വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും മറ്റും കാര്യക്ഷമായി പ്രവർത്തിക്കാൻ പ്രാപ്തിയുള്ളതാണ് അത്യാധുനിക സവിശേഷതകൾ അടങ്ങിയ ആകാശ്. റിയൽ ടൈം മൾട്ടി സെൻസർ ഡാറ്റ പ്രോസസിങ് സംവിധാനത്തിലുടെ ഭീഷണികൾ വിലയിരുത്തി ലക്ഷ്യങ്ങൾ തകർക്കാനുള്ള കഴിവ് ആകാശിന് ഉണ്ട്.ലക്ഷ്യങ്ങൾ പുനർനിർണയിക്കാനുമാകും എന്നതാണ് മറ്റൊരു സവിശേഷത. ഗ്രൂപ്പ്, ഓട്ടോണമസ് എന്നീ മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും.ഏഷ്യൻ രാജ്യമായ അർമേനിയയുമായി ഇന്ത്യ ഏർപ്പെട്ട പ്രതിരോധ കരാറിൽ ഇത്തരത്തിൽ മികച്ച മിസൈൽ സംവിധാനമായ ആകാശ്- 1എസ് മിസൈൽ കൈമാറുന്നുണ്ട്.

2024 നവംബറിൽ ആദ്യ ബാച്ച് ആകാശ് മിസൈൽ ഇന്ത്യ കൈമാറിക്കഴിഞ്ഞു.ആകാശ് മിസൈൽ സംവിധാനം വാങ്ങുന്ന ആദ്യ വിദേശരാജ്യമായി 2022ലാണ് അർമേനിയ മാറിയത്.ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങിയ ഫിലിപ്പൈൻസ് ആണ് മുൻപ് ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയ ആദ്യ രാജ്യം.

യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുമുണ്ടാകുന്ന ആക്രമണങ്ങളെ ഭദ്രമായി ചെറുക്കുന്ന പുതിയ പതിപ്പാണ് ആകാശ് -1എ. 30 കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താനാകും. പരമാവധി 720 കിലോയാണ് ഭാരം.നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ആകാശ് മിസൈലുകളിൽ നിന്നും നേരിയ വ്യത്യാസം അർമേനിയൻ പതിപ്പിനുണ്ടാകും.ഒരൊറ്റതവണ നാല് ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകർക്കാൻ ആകാശ്-1എയ്‌ക്ക് കഴിയും. 

ഒന്നരപ്പതിറ്റാണ്ട് മുന്‍പ് പ്രഹ്ലാദ രാമറാവുവെന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്നാണ് ആകാശ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. 'മുഴുവന്‍ ആകാശവും നമ്മുടേതാണ്' എന്നാണ് മിസൈല് വികസിപ്പിച്ച ശേഷം  സഹപ്രവര്‍ത്തകരോടായി പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ ശത്രുവിന്‍റെ ആക്രമണത്തില്‍ നിന്നും കാത്തുരക്ഷിച്ചിരിക്കുകയാണ് രാമറാവുവിന്‍റെ 'ആകാശ്' എന്ന കു‍ട്ടി. 

ഇന്ത്യയെ ലക്ഷ്യമിട്ട് എത്തിയ പാക് യുദ്ധവിമാനത്തെ നിഷ്പ്രഭമാക്കിയ ആകാശത്തോളം പോന്ന കരുത്താണ് ആകാശ് ആന്‍റി മിസൈലിനുള്ളത്. പാക്കിസ്ഥാന്‍റെ കണക്കുകൂട്ടലുകള്‍ക്ക പ്രഹരമേല്‍പ്പിക്കാനായതില്‍, സ്വന്തം ജനങ്ങളുടെ പ്രാണന്‍ കാക്കാനായതില്‍ സന്തോഷിക്കുകയാണ് 78കാരനായ രാമറാവു ഇന്ന്. 

'ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിത്. എന്‍റെ കുഞ്ഞ് അതിന്‍റെ ജോലി കൃത്യതയോടെ, മനോഹരമായി പൂര്‍ത്തിയാക്കി. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ശത്രുവിനെ വീഴ്ത്തി'യെന്നും അദ്ദേഹം  പ്രതികരിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വികസിപ്പിച്ചെടുത്ത ആകാശ്, പ്രതീക്ഷയുടെ ആകാശങ്ങളെയും ഭേദിച്ചതില്‍ രാമറാവു ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. 

ഡ്രോണുകളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളെയും എന്തിന് യുഎസിന്‍റെ എഫ്–16 പോലുള്ള യുദ്ധവിമാനങ്ങളെ വരെ ചെറുക്കാന്‍ പാകത്തിലാണ് താനും സംഘവും ആകാശിനെ രൂപപ്പെടുത്തിയതെന്നും എന്നാല്‍ തുടക്കത്തില്‍ ആകാശിനെ ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

എന്നാല്‍ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് നിലവില്‍ ആകാശ് രാജ്യത്തെ കാത്തതെന്ന് പറയുമ്പോള്‍ രാമറാവുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.