വേനൽ ചൂട് കൂടി കൂടി വരികയാണ്. വേനൽ മഴയെത്തി ചൂട് ശമിപ്പിക്കും വരെ ഈ ചൂടിനെ അതിജീവിച്ച് ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധാലുക്കളാകണം.ഉച്ചസമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് രാവിലെ 11 നും ഉച്ചക്ക് 3 നുമിടയ്ക്കുള്ള സമയം. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.ചെറിയ അളവിൽ വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതാണ് നല്ലത്. ചർമരോഗങ്ങൾ ഒഴിവാക്കാൻ മോയ്സചറൈസറുകളും സൺസ്‌ക്രീനും ഉപയോഗിക്കാം. നേരിട്ട് വെയിൽ കൊള്ളുന്നവരും ദീർഘനേരം ഇരുചക്രവാഹനമോടിക്കുന്നവരും മുഖത്തും കൈകളിലും സൺസ്‌ക്രീൻ ഉപയോഗിക്കണം.

എസ്‌പിഎഫ് 50 ഉള്ള സൺസ്‌ക്രീൻ വാങ്ങാൻ ശ്രദ്ധിക്കുക. വേനൽക്കാലത്ത് വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. തൊപ്പിയും കുടയും സൺഗ്ലാസുകളും എപ്പോഴും കൈയിൽ കരുതാം.വ്യായാമം ശീലമാക്കിയവർ ഉച്ചസമയത്തെ വ്യായാമം ഒഴിവാക്കണം. അതിരാവിലെയോ വൈകിട്ടോ വ്യായാമത്തിനുവേണ്ടി സമയം കണ്ടെത്തുന്നതാണ് ഉചിതം.വ്യായാമത്തിനിടെ ധാരാളം വിയർക്കുന്നതിനാൽ ഇടയ്ക്കിടയ്ക്ക് അല്പാല്പമായി വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ആവശ്യത്തിന് ഉറക്കവും വിശ്രമവും ആവശ്യമുള്ള സമയം കൂടിയാണ് വേനൽ എന്നോർക്കണം.

കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങളെ ഒഴിവാക്കാൻ പുറത്തിറങ്ങുമ്പോൾ കണ്ണിൽ തൊടുന്നത് ഒഴിവാക്കണം. തുറസായ സ്ഥലങ്ങളിൽ നിന്ന് ജ്യൂസും പലഹാരങ്ങളും വാങ്ങിക്കഴിക്കുമ്പോൾ ശുചിത്വം ഉറപ്പാക്കണം.ചൂടുകാലത്ത് അല്പം ഈർപ്പം കിട്ടുന്നിടത്തെല്ലാം ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാകാതെയിരിക്കാൻ പുറത്തുനിന്നുള്ള ഭക്ഷണവും ആവശ്യത്തിന് മാത്രമാക്കാം.പാക്കറ്റിൽ വരുന്ന സോഫ്റ്റ് ഡ്രിങ്കുകളേക്കാൾ നല്ലത് ശുദ്ധമായ വെള്ളം തന്നെയാണ്. സോഫ്റ്റ് ഡ്രിങ്കുകളിലും ജ്യൂസുകളിലും അമിതമായ മധുരവും കലോറിയും അടങ്ങിയിട്ടുണ്ടാവും. കരിക്കിൻ വെള്ളവും വീട്ടിലുണ്ടാക്കുന്ന ഉപ്പിട്ട നാരങ്ങാവെള്ളവും മോരും കഞ്ഞിവെള്ളവും നല്ലതാണ്.

വിയർപ്പിലൂടെ നഷ്ടമാകുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ ഇവ സഹായിക്കും. സ്‌കൂളിൽ നിന്നും കുട്ടികൾ മടങ്ങിവരുമ്പോൾ ഇവ നൽകാം. അലർജി, ചുമ, ശ്വാസംമുട്ട്, തൊണ്ടവേദന എന്നിവയുള്ളവർ തണുത്ത പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.ചായയും കോഫിയും മദ്യവും കുടിക്കുന്നത് കുറയ്ക്കാം. ഇവ അമിതമായാൽ നിർജലീകരണമുണ്ടാക്കാൻ സാധ്യതയുണ്ട്.പഴങ്ങളും പച്ചക്കറികളും ജ്യൂസ് ആയി കഴിക്കാതെ നേരിട്ട് കഴിക്കാം. ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച്, മാമ്പഴം, വെള്ളരിക്ക, കാരറ്റ്, എന്നിവ നല്ലതാണ്.

ഏറെ നേരം തുടർച്ചയായി ശരീരത്തിൽ നേരിട്ട് ശക്തിയായി വെയിലേൽക്കുമ്പോഴാണ് സൂര്യാഘാതമുണ്ടാകുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് ഉയരുമ്പോഴാണ് സൂര്യാഘാതസാധ്യതയുള്ളത്.വേനലിന്റെ തുടക്കത്തിൽ തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിലെ പല ജില്ലകളിലും താപനില 38-39 ഡിഗ്രി സെൽഷ്യസ് വരെ എത്തിക്കഴിഞ്ഞു എന്ന വസ്തുത ആശങ്കയുണ്ടാക്കുന്നതാണ്.സൂര്യാഘാതം കാരണം ബോധം നഷ്ടമായാൽ ഉടനെ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാമെന്ന് പലർക്കും അറിയില്ല.കുട്ടികളിലും മുതിർന്നവരിലുമാണ് സൂര്യാഘാതമുണ്ടാകാൻ സാധ്യത കൂടുതൽ. തലവേദന, തലകറക്കം, ബലഹീനത, ഛർദി, മസിലുപിടുത്തം എന്നിവയൊക്കെ ആയിരിക്കും ആദ്യത്തെ ലക്ഷണങ്ങൾ. അല്പം കൂടി കഴിഞ്ഞായിരിക്കും സൂര്യാഘാതമേറ്റതാണെന്ന് നമുക്ക് മനസ്സിലാകുന്നത്.

നിർഭാഗ്യഘട്ടങ്ങളിൽ ചിലപ്പോൾ പെട്ടെന്ന് തളർന്നുവീണെന്നും വരാം. വളരെ ഗുരുതരമായ ഒരു അവസ്ഥയാണിത്. വെയിലേറ്റ ഭാഗത്തെ ചർമം ചുവക്കുന്നതും തടിക്കുന്നതും അവിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നതുമെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണമാണ്. ചിലരിൽ പൊള്ളലേറ്റത് പോലെ കുമിളകളും പ്രത്യക്ഷപ്പെടാം.

സൂര്യാഘാതമേറ്റ് ആരെങ്കിലും വീഴുന്നത് കണ്ടാൽ ഉടനെ അയാളെ തണലുള്ള ഭാഗത്തേക്ക് മാറ്റിയിരുത്തുക. ദേഹത്ത് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുകയോ തൊടുമ്പോൾ പനിയെക്കാൾ കൂടുതൽ ചൂട് തോന്നുകയോ ചെയ്താൽ സൂര്യാഘാതം ഉറപ്പിക്കാം. അവരുടെ വസ്ത്രങ്ങൾ അയച്ചിടുക.മുഖത്തും കൈകാലുകളിലും അല്പം വെള്ളം കുടയുകയോ സ്പ്രേ ചെയ്യുകയോ ചെയ്യാം. വീശറിയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് വീശിക്കൊടുക്കാം. ഫാൻ ഉണ്ടെങ്കിൽ അതിന് സമീപമെത്തിക്കാം.

അബോധാവസ്ഥയിലാണെങ്കിൽ ഒരിക്കലും വെള്ളം കുടിപ്പിക്കരുത്. വെള്ളം ശ്വാസകോശത്തിൽ കടന്ന് മരണം സംഭവിക്കാൻ ഇടയുണ്ട്. ബോധമുണ്ടെങ്കിൽ മാത്രം രോഗിയെ എണീപ്പിച്ച് ഇരുത്തിയ ശേഷം തല അല്പം ഉയർത്തി വെള്ളം നൽകാം.

കരിക്കിൻവെള്ളമാണ് ഏറ്റവും ഫലപ്രദം. ശരീരം തണുപ്പിക്കാൻ ഐസ് കട്ടകൾ തുണിയിൽ പൊതിഞ്ഞ് കക്ഷങ്ങളിലും തുടയിടുക്കുകളിലും വെയ്ക്കാം. ശരീരമാകെ തടവാം.രോഗിക്ക് പൾസില്ലെന്ന് കണ്ടാൽ ഉടൻ സിപിആർ നൽകണം.