കേരളത്തിലെ വനമേഖലയിലെ അത്യപൂർവമായ സസ്യാവരണമാണ് മിരിസ്റ്റിക്ക ചതുപ്പുകൾ. ശുദ്ധജല ആവാസവ്യവസ്ഥകളാണ് മിരിസ്റ്റിക്ക കാടുകൾ. മണൽ കൂടുതലുള്ള എക്കൽ മണ്ണാണ് ഇവിടെയുണ്ടാവുക. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 50-300 മീറ്റർ ഉയരം വരെയുള്ള ചതുപ്പ് പ്രദേശങ്ങളിലാണ് ഈ ചതുപ്പ് വനങ്ങൾ കാണുക.
ഭൂമിക്ക് മുകളിലേക്കുയർന്നു വളരുന്ന കെട്ടുപിണഞ്ഞ വേരുകളാണ് മിരിസ്റ്റിക്കിയുടെ പ്രത്യേകത. ഇത്തരം സസ്യങ്ങൾ ശ്വസിക്കുന്നതിനായി ആശ്രയിക്കുന്നത് വേരുകളെയാണ്.മിരിസ്റ്റിക്ക ചതുപ്പുകൾ കേരളത്തിൽ ആദ്യം കണ്ടെത്തിയത് കൊല്ലം ജില്ലയിലെ ഷെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിലാണ്. 1960 കളിലാണിത് റിപ്പോർട്ട് ചെയ്യുന്നത്. ഇവ ഇന്ത്യയിൽ തന്നെ പശ്ചിമഘട്ടത്തിൽ മാത്രമേയുള്ളൂ എന്നാണ് കരുതുന്നത്.
ചെറിയ മീനുകളും മരത്തവളകളും അടക്കം നിരവധി ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ. ഒട്ടേറെ സസ്യജാലങ്ങളുമുണ്ട്.'റ' ആകൃതിയിലുള്ള ശ്വസനവേരുകളാണ് ഇവയുടെ പ്രത്യേകത. കാവടിവേരുകൾ എന്നും അറിയപ്പെടുന്നു. ജീവിക്കുന്ന ഫോസിലുകളായും ശാസ്ത്രലോകം ഇവയെ കാണുന്നു. കേരളത്തിനു പുറമെ ഗോവ, കർണാടക എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ ഒരിടത്തും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ മൊത്തം ഭൂവിസ്ത്യതിയുടെ 0.004% മാത്രം ചതുപ്പുകൾ ഉണ്ടായിരുന്നിട്ടും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 16.3% ജീവി വിഭാഗങ്ങളാണ് ഇവിടെ കാണപ്പെടുന്നത്.
ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ മറ്റ് ആവാസവ്യവസ്ഥകളേക്കാൾ വന്യജാതിചതുപ്പുകൾ ഏറെ മുന്നിലാണ്. ഇവിടെ രാജവെമ്പാലയടക്കം 55 ഇനം ഉരഗജീവികളും എഴുപതിലേറെയിനം തുമ്പി ഇനങ്ങളും നൂറ്റി അൻപതോളം ചിത്രശലഭങ്ങളും, നൂറ്റി അൻപതിലേറെ പക്ഷിയിനങ്ങളും 44 ഇനം ചിലന്തി ഇനങ്ങളും, ആന കരിങ്കുരങ്ങ്, സിംഹവാലൻ അടക്കം നിരവധി സസ്തനികളുടേയും അവാസ കേന്ദ്രമാണ് ഇത്.
നിത്യഹരിതവനങ്ങളിലെ താഴ്ന്ന വിതാനങ്ങളിൽ കെട്ടി നിൽക്കുന്ന ശുദ്ധ ജലചതുപ്പുകളാണ് വന്യജാതിചതുപ്പുകൾ. ഒരു പ്രധാന നീർച്ചാലും അതിനോട് ചേർന്ന ചെറുനീർച്ചാലുകളും ഈ ചുതുപ്പുകളെ വർഷം മുഴുവൻ നനവാർന്നതാക്കുന്നു. ഈ ചാലുകൾ പുറത്തേക്കൊഴുകി മറ്റുചാലുകളും തോടുകളുമായി ഒത്തുചേർന്ന് പുഴകളുടെ കൈവഴികളായിത്തീരുന്നു.
വർഷത്തിൽ ഏതാണ്ട് ഭൂരിഭാഗവും വെള്ളത്തിലാണ്ടുകിടക്കുന്ന ഈ ചതുപ്പുകളിൽ നിത്യഹരിത വനങ്ങളിൽ കാണുന്ന സാധാരണമരങ്ങൾക്ക് വളരാൻ കഴിയുകയില്ലെന്നതും മിരിസ്റ്റിക്ക ചതുപ്പുകളുടെ പ്രത്യേകതയാണ്.
0 Comments