റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിൻ്റെ പരിവർത്തനത്തെ അടയാളപ്പെടുത്തുക മാത്രമല്ല, പ്രതിഫലനത്തിൻ്റെയും ആഘോഷത്തിൻ്റെയും ദിനമായി വർത്തിക്കുന്ന ഒരു സുപ്രധാന അനുസ്മരണമാണ് റിപ്പബ്ലിക് ദിനം.‌

1947 ആ​ഗ്സറ്റ് 15 ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം 1950 ജനുവരി 26 ന് ഇന്ത്യയുടെ ഭരണഘടന രാജ്യത്തി നിലവിൽ വന്നു. ഡോ. ബി ആർ‌ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിം​ഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയ്ക്ക് വേണ്ടി ആണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ച് വരുന്നത്. 1930 ജനുവരി 26 ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമാണ് പിന്നീട് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്.

ദേശീയ പതാക ഉയർത്തുന്നത് മുതൽ രാജ്യത്തുടനീളം പരേഡുകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത് വരെ റിപ്പബ്ലിക് ദിനം ദേശീയ അഭിമാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കുന്ന, സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രപിതാക്കന്മാരും നടത്തിയ ത്യാഗങ്ങളെക്കുറിച്ച് പൗരന്മാരെ ഓർമ്മിപ്പിക്കുന്ന അവസരമാണിത്.