നവംബർ ഒന്ന് കേരളപ്പിറവി ദിനം മലയാളികളാകെ നാടിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളയാണ്. കേരളത്തനിമയുള്ള വസത്രം ധരിച്ച്, കേരളപ്പിറവിയുടെ ചരിത്രവും പ്രധാന്യവും വിവരിക്കുന്ന പ്രസംഗങ്ങളും ക്വിസ് മത്സരങ്ങളുമൊക്കെ ആയാണ് സ്കൂളുകളും ഓഫീസുകളും വായനശാലകളും കേരളപ്പിറവി ആഘോഷിക്കുന്നത്.

1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. ഈ വർഷം കേരളത്തിന് 68 വയസ്സാകുമെന്ന് ചുരുക്കം. ഐക്യകേരളം എന്ന ആശയം 1956നു മുൻപ് തന്നെ ഉണ്ടായിരുന്നു. ഒടുവിൽ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്.

കൊച്ചി, തിരുവതാംകൂർ, മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1921ൽ കേരള പ്രദേശ കമ്മിറ്റി രൂപീകരിച്ചത് കേരള രൂപീകരണത്തിലെ ഒഴിച്ചുകൂടാനാവത്ത നാഴികകല്ലായിരുന്നു. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖില കേരള കുടിയാൻ സമ്മേളനത്തിലും ഐക്യകേരളം ചർച്ചയായിരുന്നു. 1937ൽ ചേർന്ന അഖിലകേരള വിദ്യാർഥി സമ്മേളനം ഐക്യകേരളംഎന്ന ആവശ്യത്തിന് ഉറച്ച പിന്തുണ നൽകിയിരന്നു. നാൽപ്പതുകളിൽ ഐക്യകേരളം എന്ന ആവശ്യം കൂടുതൽ ശക്തമാവുകയും ചെയ്തു. 1949 ജൂലൈയിൽ തിരു - കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നാട് ഒരുപടികൂടി അടുത്തു.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കേരളം നിലവിൽ വന്നത്. എന്നാൽ സംസ്ഥാന രൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ കേരളം എന്ന് തന്നെയാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത് എന്നത് രസകരമായ വസ്തുതയാണ്.