സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമായിരിക്കും മിക്കവർക്കും കടമക്കുടയെ പരിചയും.ആ ചിത്രങ്ങളിലൊന്നും ഒരളവ് പോലും കളവില്ലെന്ന് ഇവിടെ കാലുകുത്തുമ്പോൾ തന്നെ മനസ്സിലാക്കാം. ചെറുതുരുത്തുകളും വയലും തോടും നാട്ടുവഴികളുമെല്ലാം ഇവിടെ കാണാം.ഗ്രാമീണക്കാഴ്ചകള്‍ ഇത്രയധികം ഭംഗിയിൽ കാണുവാൻ സാധിക്കുന്ന മറ്റൊരിടം കൊച്ചിയിൽ കണ്ടെത്തുക പ്രയാസം തന്നെയാണ്. ചെറുതോടുകളും വയലുമുള്ളതുകൊണ്ട് മത്സ്യത്തിന്റെ കാര്യത്തിൽ ഇവിടം സമ്പന്നമാണ്.കടമക്കുടിയുടെ സൗന്ദര്യം തെല്ലും കലർപ്പില്ലാതെ കാണണമെങ്കിൽ പുലരുമ്പോൾ തന്നെ ഇവിടേക്കെത്തണം.കായൽക്കാറ്റിന്‍റെ ആലസ്യത്തിൽ കുറച്ചു നേരെ സമാധാനത്തോടും ശാന്തതയോടും കൂടി ചിലവഴിക്കുവാൻ കടമക്കുടി ബെസ്റ്റ് ആണ്. കടമക്കുടിയിലെ ഉദയാസ്തമയക്കാഴ്ചകള്‍ അതിമനോഹരമാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഇതിനേറ്റവും പ്രശസ്തം. ഇവ കാണാന്‍ മാത്രമായി എത്തുന്ന സഞ്ചാരികളുണ്ട്. ഇതിനായി ഒട്ടനവധി ഏറുമാടങ്ങളും ദ്വീപുകളിലുണ്ട്.


പക്ഷിനിരീക്ഷണത്തിൽ താല്പര്യമുള്ളവർക്കും ഫോട്ടോഗ്രാഫേഴ്സിനും ഇവിടും വൻസാധ്യതകളാണ് നല്കുന്നത്.കൊച്ചിയിൽ നിന്നും വളരെ എളുപ്പത്തിൽ കടമക്കുടിയിലേക്ക് വരാം. എടപ്പള്ളിയിൽ നിന്നും 12 കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. ഇടപ്പള്ളി ബ്ലോക്കിലാണ് കടമക്കുടി.കണ്ടെയ്നർ റോഡിന് സമീപത്തുള്ള മൂലമ്പള്ളിയിൽ നിന്നും ഇവിടേക്ക് ഫെറി കയറി വരാം. എന്നാൽ റോഡ് മാർഗ്ഗം എത്തണമെന്നുണ്ടെങ്കിൽ വാരാപ്പുഴ വഴി വരേണ്ടി വരും.വരാപ്പുഴ പാലത്തിലൂടെ നേരെപോയാൽ കടമക്കുടിയിലെത്താം. ഒരു ദിവസം മുഴുവനും ചിലവഴിക്കുവാൻ സാധിക്കുന്ന രീതിയിൽ ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യാം.രുചികരമായ വിഭവങ്ങൾ വിളമ്പുന്ന ഒട്ടേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. അത് കൂടി കണക്കിലെടുത്തുള്ള യാത്രയായിരിക്കണമിത്. കണ്ടൽ കാടുകളും വിവിധതരം പക്ഷികളും കടമകുടിയുടെ പ്രത്യേകതകളിൽ ഒന്നാണ്. സഞ്ചാരികൾക്ക് നിൽക്കാനും വിശ്രമിക്കാനുമായി ചെറിയ മാടങ്ങളും ഇവിടെയുണ്ട്.കടമക്കുടി ഉണ്ടായതെങ്ങനെയെന്നു ചോദിച്ചാൽ നൂറ്റാണ്ടുകള്‍ പുറകിലോട്ട് സഞ്ചരിക്കണം. 1341 ൽ ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തില‍് ആണ് കൊച്ചി അഴിമുഖം രൂപപ്പെട്ടതെന്നാണല്ലോ പറയുന്നത്.

അക്കൂട്ടത്തിൽ ഈ കടമക്കുടിയും രൂപപ്പെട്ടു എന്നാണ് കരുതുന്നത്. കടമക്കുടി എന്നാൽ ഒരൊറ്റ ദ്വീപ് അല്ല, മറിച്ച് 14 ദ്വീപുകൾ ചേരുന്ന കൂട്ടമാണ് കടമക്കുടി ദ്വീപുകൾ.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വലിയ കടമക്കുടി കൂടാതെ മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണ് മറ്റുദ്വീപുകൾ.പണ്ടുകാലത്ത് കടമക്കുടിയെ കടന്നാൽ കുടുങ്ങപ്പോയി എന്നർത്ഥം വരുന്ന രീതിയിൽ 'കടന്നാൽകുടുങ്ങി' എന്നാണ് പറഞ്ഞിരുന്നതത്രെ


.അക്കാലത്തെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഒരുപരിധി വരെ അത് സത്യവുമായിരുന്നു. കടമക്കുടിയിലേക്കു പോകുവാനും തിരികെ വരുവാനുമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു അക്കാലത്ത്.നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്നിരുന്ന ഇവിടെ കരയിലേക്ക് പോകണമെങ്കിൽ വള്ളങ്ങളെയോ ബോട്ടുകളെയോ മാത്രം ആശ്രയിക്കണമായിരുന്നു. ഇന്ന് നല്ലരീതിയിൽ ഇവിടം റോഡ് വഴി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.വെള്ളത്താൽ ചുറ്റപ്പെട്ട, പകരംവയ്ക്കുവാനില്ലാത്ത ഭൂമിയായി നിലകൊള്ളുകയാണ് കടമക്കുടി.  കൊച്ചിയിലെ വാരാന്ത്യ യാത്രകളിൽ ഇപ്പോഴത്തെ താരം ഈ കടമക്കുടിയാണ്.കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകളും വൈവിധ്യം നിറഞ്ഞ മത്സ്യവിഭവങ്ങളും പിന്നെ ഞണ്ടും ചെമ്മീനും ഒക്കെയായി രുചി പ്രേമികളുടെ നാവിൽ പാഞ്ചാരിമേളം കൊട്ടിക്കയറുന്ന സ്ഥലം!


പഴമയുടെ ഓർമ്മകളുണർത്തുന്ന കടമക്കുടി തേടിയാണ് ഇന്ന് സഞ്ചാരികളുടെ കൊച്ചിയിലേക്കുള്ള യാത്ര! മാന്ത്രികമായ സൗന്ദര്യത്തിൽ കണ്ണുകളെ മയക്കിനിർത്തുന്ന ഇവിടെ കണ്ടറിയുവാൻ ഒരുപാട് കാഴ്ചകളുണ്ട്.

കൊച്ചിയിൽ നിന്നുള്ള കൊച്ചുയാത്രകൾക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ അതിസുന്ദരി കൂടിയാണ് ഇന്ന് കടമക്കുടി.