മലയാളികളുടെ നൊസ്റ്റാൾജിക് സങ്കൽപ്പത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കുന്നും മലയും ഇറങ്ങി തലയുയർത്തി വരുന്ന ആനവണ്ടി. ആനവണ്ടി എന്നാണ്​ അന്നും ഇന്നും കെ.എസ്.ആർ.ടി.സിയുടെ വിളിപ്പേര്. ആനയുടെ ചിത്രമുള്ള സർക്കാർ മു ദ്ര ബസുകളിൽ ഉള്ളതുകൊണ്ടായിരിക്കണം ഇത്തരമൊരു പേര് വന്നത്. ഒരിക്കലെങ്കിലും നമ്മൾ ആനവണ്ടിയിൽ കയറിയിട്ടുണ്ടാകും. ആനപ്പുറത്തു കയറാത്ത നമ്മൾ തലയെടുപ്പോടെ ആദ്യമായി യാത്ര ചെയ്തിട്ടുണ്ടാവുക ആനവണ്ടിയിലാകും.

കെഎസ്ആർടിസിയുടെ ചരിത്രത്തിലേക്ക് കടന്നാൽ, 1938 ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ്, തന്റെ പ്രജകളുടെ സുഗമമായ സഞ്ചാരസൗകര്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ, ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് (TSTD) എന്നപേരിൽ  ഒരു ബസ് സർവീസിന് തുടക്കമിടുന്നത്. 

അന്ന് തിരുവിതാംകൂറിൽ ബസ്സ് സർവീസുകൾ നടത്തിയിരുന്ന പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ചൂഷണങ്ങളിൽ നിന്നും പ്രജകളെ രക്ഷിക്കുക എന്ന സദുദ്ദേശമായിരുന്നു ഇതിനുപിന്നിൽ. തുടങ്ങുന്നതിന് ഒരു വർഷം മുമ്പേ തന്നെ വിഖ്യാതമായ  'ലണ്ടൻ പാസഞ്ചർ  ട്രാൻസ്‌പോർട്ട് ബോർഡി'ലെ വിദഗ്ധനായ സാൾട്ടർ സായിപ്പിനെ രാജാവ് കേരളത്തിലേക്ക് വിളിച്ചുവരുത്തി വിശദമായ ഒരു പഠനം തന്നെ നടത്തുകയുണ്ടായി. 

കോമർ PNF3 ഷാസിയിൽ പെർക്കിൻസ് എഞ്ചിനുകൾ പിടിപ്പിച്ച  അറുപതു ബസ്സുകളാണ് കോർപ്പറേഷനുവേണ്ടി ആദ്യമായി നിരത്തിലിറങ്ങിയത്. സാൾട്ടർ സായിപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിൽ തന്നെയായിരുന്നു ബോഡി നിർമ്മാണം. ദിവാൻ സിപി രാമസ്വാമി അയ്യരുടെ നിർബന്ധപ്രകാരം തടിയിലായിരുന്നു നിർമ്മാണം. ചാക്കയിലായിരുന്നു ആദ്യത്തെ  വർക്ക് ഷോപ്പ് സ്ഥാപിച്ചിരുന്നത്.  

ആദ്യം തന്നെ രാജാവ് നിലവിലുള്ള റൂട്ടുകൾ ദേശസാൽക്കരിച്ച്, പ്രൈവറ്റ് സർവീസുകൾ നിർത്തലാക്കി. അതോടെ ജോലി നഷ്ടമായ ഡ്രൈവർ/കണ്ടക്ടർമാരിൽ പലരെയും സാൾട്ടർ സായിപ്പ് പുതുതായി തുടങ്ങിയ സർവീസുകളിൽ കൃത്യമായ സെലക്ഷൻ ടെസ്റ്റുകൾ കഴിഞ്ഞ ശേഷം നിയമിച്ചു. 

അന്നത്തെ പല ബിരുദധാരികളും ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ചു.   1938 ഫെബ്രുവരി 21ന് തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് ആദ്യ സർവീസ്. ലെതർ കവറിട്ട ഇരുപത്തിമൂന്ന് സീറ്റുകളായിരുന്നു ബസ്സിലുണ്ടായിരുന്നത്. ആദ്യട്രിപ്പിൽ വണ്ടി ഓടിച്ചത് സാൾട്ടർ സായിപ്പ് നേരിട്ടായിരുന്നു. 

അരച്ചക്രമായിരുന്നു ആദ്യത്തെ ബസ്സുകൂലി. ഫസ്റ്റ് ക്‌ളാസ് ടിക്കറ്റുകൾക്ക് ഒന്നരയിരട്ടി കൂലി കൊടുക്കേണ്ടി വന്നിരുന്നു. മൂന്നു മുതൽ പതിനാലു വയസ്സുവരെയുള്ള കുട്ടികൾക്ക് അരട്ടിക്കറ്റായിരുന്നു അന്നൊക്കെ. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മുന്നൂറു രൂപയ്ക്കെങ്കിലും മതിപ്പു കാണും എന്നതിനാൽ ആദ്യകാലത്ത് യാത്രാക്കൂലി വളരെ കൂടുതലായിരുന്നു എന്നുവേണം കണക്കാക്കാൻ. 

1939ലായിരുന്നു മോട്ടോർ വെഹിക്കിൾസ് ആക്ട് നിലവിൽ വരുന്നത്. 49ൽ കൊച്ചിയിലേക്കും 56ൽ കേരളം രൂപീകരിക്കപ്പെട്ട ശേഷം മലബാറിലേക്കും സർവീസ് വ്യാപിപ്പിക്കപ്പെട്ടു. 50ൽ 'റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്റ്റ്' നിലവിൽ വന്ന ശേഷം, പിന്നീട് 1965 ഏപ്രിൽ ഒന്നിനാണ്  ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ്, ഇന്നത്തെ കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനായി മാറുന്നത്. 

അന്നൊക്കെയും  ബജറ്റിൽ കെഎസ്ആർടിസിയ്ക്കായി 2:1 എന്ന അനുപാതത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ വിഹിതം അനുവദിച്ചും പോന്നിരുന്നു. തുടക്കത്തിൽ വെറും അറുപതു ബസ്സുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് 6,241 ബസ്സുകൾ 6,389  ഷെഡ്യൂളുകളിൽ   മുപ്പത്തൊന്നു ലക്ഷത്തിലധികം യാത്രക്കാരെയും വഹിച്ചുകൊണ്ട് പതിനാലു ലക്ഷത്തിലധികം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഒരു ബൃഹദ് സ്ഥാപനമാണ് നമ്മുടെ കെഎസ്ആർടിസി.

ചെറിയ ദൂരങ്ങളിൽ ഓടുന്ന സാധാരണ സർവിസുകളെ ഓർഡിനറി സർവിസുകളെന്ന് പറയുന്നു. ദീർഘദൂരത്തിലുള്ള സർവിസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്​റ്റ്​ പാസഞ്ചർ. 

ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്. ലിമിറ്റഡ് സ്​റ്റോപ്, ടൗൺ ടു ടൗൺ ബസുകൾ ഫാസ്​റ്റ്​ പാസഞ്ചറുകളിൽപ്പെടുന്നു. വളരെ കൂടിയ ദൂരത്തേക്ക് സർവിസ് നടത്തുന്നവയാണ് സൂപ്പർ ഫാസ്​റ്റ്​. 

കെ.എസ്.ആർ.ടി.സിയിലെ ഏറ്റവും പഴക്കമേറിയ സൂപ്പർ ഡീലക്സ് സർവിസ് ആണ് കണ്ണൂർ സൂപ്പർ ഡീലക്സ്.1967ൽ ആരംഭിച്ച തിരുവനന്തപുരം-കണ്ണൂർ സർവിസ്, അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ഇമ്പിച്ചിബാവയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്‌. 

കേരളത്തിലെ നിരത്തുകളിൽ താരമായ ഈ ബസ് കേന്ദ്രകഥാപാത്രമാക്കി മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന വിശേഷണത്തോടെ ‘കണ്ണൂർ ഡീലക്സ്’ എന്ന പേരിൽ ചലച്ചിത്രവും ഇറങ്ങിയിട്ടുണ്ട്. പ്രേംനസീർ, ഉമ്മർ, ഷീല തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.

വർഷങ്ങൾ എത്ര കഴിഞ്ഞാലും കെഎസ്ആർടിസി ഫാൻസിൻറെ എണ്ണം കൂടുകയല്ലാതെ കുറയിലല്ലെനന്നത് നിസംശയം പറയാം.