വൈപ്പിൻ ജെട്ടിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പുതുവൈപ്പ് എന്ന സ്ഥലത്താണ് വൈപ്പിൻ വിളക്കുമാടം സ്ഥിതിചെയ്യുന്നത്. വെള്ളയും ചുവപ്പും നിറത്തിൽ ബാൽക്കണിയും വിളക്കും ഉള്ള അഷ്ടഭുജാകൃതിയിലാണ് ടവർ നിർമ്മിച്ചിരിക്കുന്നത്. പുതുവൈപ്പ് തീരദേശ റോഡിനു സമീപമുള്ള മനോഹരമായ പ്രദേശത്താണ് ഈ ലൈറ്റ് ഹൗസ്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വിളക്കുമാടങ്ങളിൽ ഒന്നാണിത്. 


ടിക്കറ്റ് എടുത്താണ് അകത്തേയ്ക്ക് പ്രവേശിക്കേണ്ടത്, ഫോട്ടോഗ്രാഫിക്കും പ്രത്യേക ടിക്കറ്റാണ്. പാദരക്ഷകള്‍ പുറത്ത് സൂക്ഷിച്ചിട്ട് വേണം അകത്തേക്ക് പ്രവേശിക്കാൻ.  ബാഗുകളും പുറത്ത് സൂക്ഷിക്കാൻ സൌകര്യമുണ്ട്. മൂന്ന് നില വരെ ലിഫ്റ്റിൽ പോകാനുള്ള സൗകര്യമണ്ട്. 

കയറുന്നതിനും ഇറങ്ങുന്നതിനും സ്റ്റെപ്പും ലിഫ്റ്റുമുണ്ട് 

കയറിയത് ലിഫ്റ്റിലായതിനാല്‍ തിരിച്ച് ഇറങ്ങിയത് സ്റ്റെപ്പ് വഴിയാണ്


കടലിനു മുന്നിൽ പ്രൗഢിയോടെ തലയുയർത്തി കപ്പലുകൾക്ക് വഴിവിളക്കായി നിൽക്കുന്ന ആധുനിക ഘടനയിലുള്ള ലൈറ്റ് ഹൗസിന് ഏകദേശം 151 അടി ഉയരമുണ്ട്. വൈപ്പിൻ വിളക്കുമാടത്തിൽ നിന്നുള്ള അതിമനോഹരവും വിശാലവുമായ കാഴ്ചകൾ ഏവരെയും ആകർഷിക്കുന്നതാണ്. ഒരു ഭാഗത്ത് കടൽ ആണെങ്കിൽ മറുഭാഗത്ത് നെൽപ്പാടങ്ങളും  പള്ളികളും ക്ഷേത്രങ്ങളും റോഡുകളും  വാഹനങ്ങളുടെ സഞ്ചാരവും കാണാം. ടവറിന് ചുറ്റും സഞ്ചരിക്കാനുള്ള ഇടം വളരെ വലുതായതിനാൽ സുരക്ഷാ റെയിലിംഗുകൾ വളരെ ഉയർന്നതാണ്. ടവറിൽ നിന്നുള്ള പ്രകാശകിരണത്തിന് 28 നോട്ടിക്കൽ മൈൽ പരിധിയുണ്ട്.

ഇനി ഈ വിളക്കുമാടത്തിൻറെ ചരിത്രത്തിലേക്ക് വരാം, നിലവിലെ ലൈറ്റ് ഹൗസ് 1979 നവംബർ 15 ന് മാത്രമേ പ്രവർത്തിക്കാൻ തുടങ്ങിയുള്ളൂവെങ്കിലും, കൊച്ചിൻ ലൈറ്റ് ഹൗസിന് ഒരു നീണ്ട ചരിത്രമുണ്ട്. 1839 മുതൽ ഫോർട്ട്കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ലൈറ്റ് ഹൗസ് 1979ൽ പുതുവൈപ്പിലേക്ക് മാറ്റി. 

43 മീറ്റർ ഉയരമുള്ള ടവറിന് ഇരട്ട പാളികളുള്ള കോൺക്രീറ്റാണ് നിർമ്മിച്ചിരിക്കുന്നത്. ലൈറ്റ് ബീമിന് 28 നോട്ടിക്കൽ മൈൽ പരിധിയുണ്ട്. 1839-ൽ ഫോർട്ട് കൊച്ചിയിൽ ഒരു ഓയിൽ ലാമ്പ് ലൈറ്റ് പ്രവർത്തിക്കാൻ തുടങ്ങി. 1902-ൽ ഒരു പുതിയ പ്രകാശം പ്രതിഫലിപ്പിക്കുന്ന സംവിധാനവും നിലവിൽ വന്നു. 1914-ൽ മാറ്റങ്ങൾ വരുത്തി. 1920-കളിൽ 10 മീറ്റർ ഉയരമുള്ള ഒരു പുതിയ ടവർ ഉയർന്നു വന്നു.1936-ൽ 25 മീറ്റർ ഉയരമുള്ള ഒരു സ്റ്റീൽ ടവർ ഗ്യാസ് ലൈറ്റ് സ്ഥാപിച്ചു. 1966-ൽ സൺ വാൽവ് എന്ന ഒരു സംവിധാനം നിലവിൽ വന്നു. ഉയരം കൂടിയതും തെളിച്ചമുള്ളതുമായ ലൈറ്റും റേഡിയോ ബീക്കണും നിർമ്മിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. 


ഭൂമി കുറവായതിനാൽ വൈപ്പിൻ ദ്വീപിലെ പുതുവൈപ്പിലേക്ക് പുതിയ ലൈറ്റ് മാറ്റുകയും റേഡിയോ ബീക്കൺ അഴീക്കോട് മാറ്റുകയും ചെയ്തു.രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്കുശേഷം രണ്ടു മുതൽ ആറ് വരെയുമാണ് ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശന സമയം. ആഴ്ചയിൽ ചൊവ്വ മുതൽ ഞായർ വരെയാണ് പ്രവൃത്തി ദിനങ്ങളാണ്. തിങ്കളാഴ്ച അവധി ദിവസമാണ്.