ആദ്യം തന്നെ നമ്മള്‍ കാണുന്നത് തടിയില്‍ തീര്‍ത്ത ഭീമാകാരമായ ഒരു വലിയ കൂടാണ്...ആറ് ആനകൾക്ക് പരിശീലനം നൽകുവാനുള്ള ശേഷിയുണ്ട് ഈ ആനക്കൂടിന്. കോന്നിയിൽ കൊച്ചയ്യപ്പൻ, പദ്മനാഭൻ, ബാലകൃഷ്ണൻ, രഞ്ചി, സോമൻ എന്നീ ആനകളാണ് പ്രധാനപ്പെട്ട താപ്പാനകൾ.
കമ്പകം എന്ന തടിയാണ് ആനക്കൂട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 12.65 മീറ്റർ നീളവും, 8.60 മീറ്റർ വീതിയും,7 മീറ്റർ ഉയരവുമുണ്ട് കോന്നിയിലെ ആനകൂടിന്. ആനക്കൂടും സ്ഥലവും ഏകദേശം ഒൻപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.
തിരുവതാംകൂർ സെൻട്രൽ വനം ഡിവിഷന്റെ ആസ്ഥാനമായിരുന്ന കോന്നിയിൽ 1942 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ചതാണ് ആനക്കൂട്
1810 ലാണ് ആനപിടിത്തം തുങ്ങിയത്. 1977 ൽ നിറുത്തലാക്കി. ഇതിനിടെ നിരവധി ആനകളെയാണ് ഇവിടെ പരിശീലിപ്പിച്ചത്.
1810ൽ കോന്നി വനത്തിൽ ആനപിടിത്തം ആരംഭിക്കുമ്പോൾ മണ്ണാറപ്പാറ, മുണ്ടോംമൂഴി, തുറ എന്നിവിടങ്ങളിലാണ് വാരിക്കുഴി നിർമ്മിച്ചിരുന്നത്. കുഴിയിൽ വീഴുന്ന ആനകളെയാണ് ആനക്കൂട്ടിൽ എത്തിച്ചിരുന്നത്.
ആനപിടിത്തം നിറുത്തിയ ശേഷവും പഴയ കുഴിയിൽ വീഴുന്നതും കൂട്ടംതെറ്റിപ്പോയതും പരിക്കേൽക്കുന്നതുമായ ആനകളെയും ഇവിടെ കൊണ്ടുവരാറുണ്ട്. നൂറോളം കാട്ടാനകളാണ് ഇവിടെ ചട്ടം പഠിച്ചിറങ്ങിയത്.
ഇതാണ് ആനക്കൂടിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ആനമ്യൂസിയവും, ഓഡിയോ വിഷ്വൽ റൂമും. ഇവിടുത്തെ മ്യൂസിയത്തില്‍ ആനയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ വിവരങ്ങളും നേരില്‍ കാണാം. ആനക്കൂട്ടില്‍ ആനയെ മെരുക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും വാരിക്കുഴിയുടെ മാതൃകയും ഇവിടെയുണ്ട്. ആനയുടെ അസ്ഥികൂടവും നേരില്‍ കാണാം.
വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ശബ്ദാവിഷ്‌കാരം മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണമാണ്. 3ഡി തിയറ്റർ ആണ് മറ്റൊരു ആകർഷകം. ഇവിടേക്ക് പോകുന്ന വഴിയിൽ ചെടികൾ കൊണ്ട് മേൽക്കൂര തീർത്ത് ആളുകൾക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.
അവിടെ നിന്നിറങ്ങി പുറത്തെത്തുമ്പോൾ കാണുന്നത് ഈ കൊച്ച് വിരുതനെയാണ് രണ്ടര വയസ് മാത്രം പ്രായമുള്ള ആനകുട്ടി. മുണ്ടൊമുഴി റൂട്ടിക്കൽ റേഞ്ചിൽ നിന്നും ഒറ്റപെട്ടു നിൽക്കുകയായിരുന്ന കുട്ടിയാനയെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. രണ്ടര വർഷമായി ഈ കുട്ടിയാന ഇവർക്കൊപ്പമാണ്.
കുട്ടിയാനയെ കൂടാതെ ആറ് ആനകളാണ് ഇവിടുള്ളത്. കുട്ടിയാനയാണ് ഇവിടെ അവസാനമായി എത്തിയത്. ഇവയെ പ്രത്യേകം പ്രത്യേകം കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
മലയാളികളില്‍ ബഹുഭൂരിപക്ഷവും ആനപ്രിയരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാൽ ആനയെപ്പറ്റി അത്ര അറിവ് ഇല്ലാത്തവർക്ക് അവയെ അടുത്തറിയാൻ പറ്റിയ സ്ഥലമാണിത്. 1942ല്‍ തുടങ്ങിയ ആന പരിശീലനകേന്ദ്രം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്.
പണ്ട് കൊടും വനമായിരുന്ന ഇവിടെ ആനപിടിത്തത്തിനും അവയെ പരിശീലിപ്പിച്ച് നാട്ടാനകളാക്കി മാറ്റി നേട്ടമുണ്ടാക്കാനും ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതാണ് സ്ഥാപനം.
അക്കാലത്ത് കാട്ടില്‍ വലിയ കുഴികളുണ്ടാക്കിയാണ് ആനകളെ പിടിക്കുക. വാരിക്കുഴിയെന്നറിയപ്പെടുന്ന ഇത്തരം കുഴികളുണ്ടാക്കി അതിന് മുകളില്‍ പൊതവെക്കും. 12 അടി താഴ്ചയും 12 അടി വിസ്തീര്‍ണവുമുള്ള കുഴികളില്‍ ആനകള്‍ വീണുപോകും. ഒരു കുഴിയില്‍ ചിലപ്പോര്‍ മൂന്ന് ആനകള്‍ വരെ വീഴാറുണ്ട്.
പരിശീലനം കിട്ടിയ താപ്പാനയാണ് ഇവയെ പിടിക്കാന്‍ പോവുക. ഏത് കൊലകൊമ്പനെയും നിലക്ക് നിര്‍ത്താന്‍ കഴിവുളളവരാണ് താപ്പാനകള്‍. കരയില്‍ നിന്ന് ആനയുടെ കഴുത്തില്‍ വലിയ വടം കൊണ്ട് കുരുക്കിട്ട് കെട്ടും. എന്നിട്ട് താപ്പാന തന്നെ പിടിച്ച് കരക്ക് കയറ്റും. കാട്ടാനയായതിനാല്‍ നല്ല ശ്രദ്ധവേണം. ഏതാക്രമണവും നേരിടാന്‍ തയ്യാറായി അത്രയും ശ്രദ്ധേയോടെയാണ് അടുത്ത് ആന പിടിത്തക്കാര്‍ നില്‍ക്കുന്നത്. എന്നാല്‍ പരിശീലനം കിട്ടിയ താപ്പാനകളുണ്ടെങ്കില്‍ ഒന്നും പേടിക്കാനില്ല.
നാട്ടാനയെക്കൊണ്ടാണ് ഇവരെ മുന്നു മാസംവരെ പരിശീലിപ്പിക്കുക. മൂന്ന് മൂന്നര മാസംകൊണ്ട് ഇവന്‍ മെരുങ്ങി നമ്മുടെ വരിതിയില്‍ വരും. 1977ല്‍ ആനപിടിത്തം സര്‍ക്കാര്‍ നിരോധിക്കും വരെ ഇതായിരുന്നു ഇവിടെ നടന്നിരുന്നത്.
ഇപ്പോൾ കാട്ടില്‍ ഒറ്റപ്പെട്ട് കാണപ്പെടുന്നതോ അപകടത്തില്‍പെടുന്നതോ ആയ ആനകളെ കണ്ടത്തെിയാല്‍ അവയെ ഇവിടെ കൊണ്ടുവന്ന് ചികില്‍സ നല്‍കുക, അവയെ തീറ്റിപ്പോറ്റി സംരക്ഷിക്കുക എന്നതായി പിന്നീടുള്ള രീതി.
ആനക്കൂടിന് വീണ്ടും പ്രസക്തി വന്നത് 2006 കാലത്ത് സംസ്ഥാനത്ത് ഇക്കോ ടൂറിസം സജീവമായതോടെയാണ്. ആനക്കൂടിനെ വെറും ആനക്കൂട് എന്നതില്‍ നിന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ വനംവകുപ്പും ടൂറിസം വകുപ്പും വിജയിച്ചു. ഇന്ന് ധാരാളം യാത്രികര്‍ വന്നുപോകുന്ന ഇടമായി ഇത് മാറി.
ആനകളെ കണ്ട് തിരിച്ചിറങ്ങുമ്പോൾ മനോഹരമായൊരു അശോകവനവും നമ്മളെ കാത്തിരിക്കുന്നുണ്ട്. ഇവിടെ നിറയെ അശോകതെറ്റികൾ പൂത്ത് നിൽക്കുന്നത് കാണാം. ഇതെല്ലാം കണ്ട് ആസ്വദിച്ച് കുട്ടികൾക്കുള്ള പാർക്കിലും കയറിയാണ് നമ്മൾ പുറത്തേക്ക് വരുന്നത്.
0 Comments