134 വർഷത്തെ പാരമ്പര്യമുള്ള ഒരു ഇരുമ്പുപലമുണ്ട് നമ്മുടെ കൊച്ചിയിൽ. ഇന്ന് അറിവ് സ്റ്റോറീസ് എത്തി നിൽക്കുന്നത് തൃപ്പൂണിത്തുറയുടെ എടുപ്പുകളിലൊന്നയ ഒരു നൂറ്റാണ്ടിലധികം പ്രായമുള്ള ‘ഇരുമ്പുപാലത്തിനടുത്താണ്. രാജഭരണകാലത്ത് ബ്രിട്ടീഷുകാർ പണിതീർത്തതാണ് തൃപ്പൂണിത്തുറയേയും കൊച്ചി നഗരസഭാ പ്രദേശമായ പൂണിത്തുറയേയും ബന്ധിപ്പിച്ചുകൊണ്ട് ‘പൂർണാനദി’ക്ക്‌ കുറുകെയുള്ള ഇരുമ്പുപാലം. ഈ പാലം ഇന്ന് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നു. 

തൃപ്പൂണിത്തുറ മിനി ബൈപ്പാസ് നിർമ്മിക്കുന്നതിനു മുൻപ് മരട്, ഗാന്ധിസ്ക്വയർ ഭാഗത്തുനിന്ന്‌ തൃപ്പൂണിത്തുറയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ആളുകൾ ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്. ഈ പാലത്തിന്റെ വശങ്ങളിലായി നടപ്പാത പിന്നീട് കൂട്ടിച്ചേർക്കുകയുണ്ടായി.

അക്കാലത്തെ എൻജിനീയറിങ് വിസ്മയമായിരുന്നു തൃപ്പൂണിത്തുറ ഇരുമ്പുപാലത്തിന്റെ നിർമാണമെന്ന് പൊതുമരാമത്ത് വകുപ്പധികൃതർ തന്നെ പറയുന്നു. ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾക്ക് വെൽഡിങ് ഇല്ലാതിരുന്ന കാലത്ത്‌, 1890-ൽ ലണ്ടനിലെ ‘വെസ്റ്റ് വുഡ് ബെയ്‌ലി എന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പിനിയാണ് ഇരുമ്പുപാലം പണിതത്. കൊച്ചി മഹാരാജാവായിരുന്ന, ‘ചിങ്ങമാസത്തിൽ തീപ്പെട്ട വലിയതമ്പുരാൻ’ എന്നറിയപ്പെടുന്ന ‘കേരളവർമ’ മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു പാലം നിർമിച്ചത്.പാലത്തിന്റെ തൂണുകൾ ‘കാസ്റ്റ് അയൺ’ ആണ്. ഇന്നത്തെപ്പോലെ പൈലിങ് ഇല്ലാതിരുന്ന അക്കാലത്ത് പുഴയിൽ ഖലാസികൾ കാസ്റ്റ് അയൺ തൂണുകൾ സ്ഥാപിച്ചത് എൻജിനീയറിങ് വിസ്മയം തന്നെയാണെന്ന് പി.ഡബ്ല്യു.ഡി.യിലെ ഒരു എൻജിനീയർ പറഞ്ഞു. ബ്രിട്ടനിൽ നിന്ന് പാലത്തിനായുള്ള ഓരോ ഭാഗവും കൂട്ടിച്ചേർത്ത് സെറ്റ് ചെയ്ത് എത്തിക്കുകയായിരുന്നു.

ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടേണ്ടതാണ് ഇരുമ്പുപാലം. വിദേശരാജ്യങ്ങളിലടക്കം പഴമകൾ സംരക്ഷിക്കപ്പെടുമ്പോൾ, പോയകാലത്തെ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനനഗരിയിൽ മഹാരാജാവ് പണിയിപ്പിച്ച ഇരുമ്പുപാലം ഒരു ഓർമച്ചിത്രമായി മാറുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.