അറബിക്കടലിന്റെ കണ്ണാടി, ആഴങ്ങളിൽ കടലൊളിപ്പിച്ച മുത്തുംപവിഴവുമെല്ലാം ഒന്നു മുങ്ങാംകുഴിയിട്ടാൽ തൊട്ടടുത്തുകാണാൻ കഴിയും വിധത്തിൽ തെളിച്ചമുള്ള കടൽ... കടമ്പകൾ ഏറെയുണ്ടെങ്കിലും ലക്ഷ്ദ്വീപിലേക്ക് വിനോദസഞ്ചരികളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണം ഈ സൗന്ദര്യം തന്നെയാണ്.

32 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ലക്ഷദ്വീപ്. ഇതിൽ 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ബങ്കാരം, കദ്മത്ത്, മിനിക്കോയ്, കൽപേനി, കവരത്തി എന്നിവയാണ് ലക്ഷദ്വീപിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ.

ലക്ഷദ്വീപിൽ വിമാനത്താവളം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ വിമാനമാർഗമുള്ള യാത്രയ്ക്ക് വലിയ പരിമിതികളുണ്ട്. അഗത്തി ദ്വീപിലേക്ക് അലയൻസ് എയർ മാത്രമാണ് എല്ലാ ദിവസവും ഒരു എടി7 വിമാനം കൊച്ചി, ബെംഗളൂരു, അഗത്തി എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നത്. ആഴ്ചയിൽ ആറ് ദിവസവും ഈ സേവനം ലഭ്യമാണ്. വീതി കുറഞ്ഞ വിമാനങ്ങൾക്ക് മാത്രമേ അഗത്തി ദ്വീപിലെ എയർസ്ട്രിപ്പിൽ ഇറങ്ങാൻ കഴിയൂയെന്ന പ്രശ്നവുമുണ്ട്.

കടൽ മാർഗമാണെങ്കിൽ എംവി കവരത്തി, എംവി അറബിക്കടൽ, എംവി ലക്ഷദ്വീപ് കടൽ, എംവി ലഗൂൺസ്, എംവി കോറൽസ് -എന്നിങ്ങനെ ആറ് യാത്രാ കപ്പലുകളാണ് ലക്ഷദ്വീപിനും കൊച്ചിക്കുമിടയിൽ സർവിസ് നടത്തുന്നത്. ഏകദേശം 14 മുതൽ 18 മണിക്കൂർ വരെയാണ് യാത്ര സമയം.

ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ചില യാത്ര അനുമതികൾ കൂടിയേ തീരൂ. ലക്ഷദ്വീപിൽ, ദ്വീപുകൾ സന്ദർശിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നൽകുന്ന പ്രവേശന പെർമിറ്റ് ആവശ്യമാണ്. ദ്വീപുകളുടെ സമ്പന്നമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനാണ് ഇങ്ങെനെയുള്ള നിയമങ്ങൾ. പ്രവേശനാനുമതി ലഭിക്കണമെങ്കിൽ ഒരാൾക്ക് ആദ്യം ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതുണ്ടെങ്കിൽ മാത്രമേ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം സാധ്യമാകൂ.

ഇതെല്ലാം തയാറാക്കി അവിടെയെത്തിയാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലയെന്നതാണ് യാഥാർഥ്യം. കണ്ണാടിത്തിളക്കം പോലെ, പച്ച നിറത്തിലുള്ള തീരക്കടൽ (ലഗൂൺ) പ്രധാന സവിശേഷത. പവിഴപ്പുറ്റുകളെയും വർണാഭമായ കടൽജീവികളെയും ഒരു ചില്ലുപാത്രത്തിലേക്കു നോക്കിയാലെന്ന പോലെ തെളിഞ്ഞു കാണാം. വൃത്തിയുള്ള, ശാന്തമായ തീരങ്ങൾക്കും ജലവിനോദങ്ങൾക്കും പ്രസിദ്ധം.

സ്കൂബ ഡൈവിങ്, സ്നോർക്കലിങ്, കയാക്കിങ്, സ്കീയിങ് തുടങ്ങിയവയ്ക്കു സൗകര്യമുണ്ട്. ചില്ലു ബോട്ടിലൂടെയുള്ള കടൽയാത്ര മറ്റൊരു അനുഭവം. ഇത്തരം ബോട്ടുകളുടെ അടിഭാഗം ഗ്ലാസ് കൊണ്ടാണു നിർമിച്ചിരിക്കുന്നത്. താഴോട്ടു നോക്കിയാൽ അടിപൊളി കടൽജീവികളെ കാണാം. ഗ്രാമസന്ദർശനം, മറൈൻ മ്യൂസിയം, ലൈറ്റ് ഹൗസ് എന്നിവയുമുണ്ട്.

ലക്ഷദ്വീപ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ശൈത്യകാലമാണ് ഒക്ടോബർ മുതൽ മാർച്ച് വരെ. ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ കുറഞ്ഞത് 4 അല്ലെങ്കിൽ 5 ദിവസത്തെ ടൂർ പ്ലാൻ ചെയ്യണം. ബജറ്റ് സൗഹൃദമായ ലക്ഷദ്വീപ് ടൂർ പാക്കേജിനായി നിങ്ങൾക്ക് ട്രാവൽ ഏജന്റിന്റെ സഹായവും തേടാം.