ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പം കാണണോ? അതും ചുരുങ്ങിയ ചിലവിൽ... എങ്കിൽ ജഡായു പാറയാണ് അതിന് ഏറ്റവും മികച്ച സ്ഥലം.തിരുവനന്തപുരം നഗരത്തിൽ നിന്ന് 46 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ജഡായുപാറ. തിരുവനന്തപുരം കൊട്ടാരക്കര റൂട്ടിലാണിത്. കൊട്ടാരക്കര നിന്നും ഏതാണ്ട്  20 കിലോമീറ്റര്‍ എം. സി. റോഡിലൂടെ തിരുവനന്തപുരം  ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ ചടയമംഗലത്ത് എത്താം.അവിടെ എത്തിയാൽ ആദ്യം ടിക്കറ്റ് എടുക്കുക. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞാൽ അകത്തേക്ക് പ്രവേശിക്കാം. കാൽനടയായും കേബിൾകാർ വഴിയും കൂറ്റൻ പ്രതിമയുടെ മുകളിലെത്താം. കാൽനടയായി പോകുന്നതാണ് ചിലവ് ചുരുങ്ങിയതും പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാനുമുള്ള മാർഗ്ഗം.


കേബിൾ കാറിന് ഒരു ഭാഗവും കാൽനടയ്ക്ക് മറ്റൊരു ഭാഗവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതിയ്ക്ക് യാതൊരു വിധ ദോഷവുമേൽക്കാത്ത വിധത്തിൽ കല്ലുകൾ കൊണ്ട് പാകിയ പടവിലൂടെയാണ് യാത്ര. വഴിയിൽ സെക്യൂരിറ്റിമാർ ഉണ്ടാവും, കൂടാതെ വിവിധയിടങ്ങളിലായി കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. 

സീതാപഹരണ വേളയിൽ രാവണൻ ചിറകരിഞ്ഞു വീഴ്ത്തിയ പക്ഷി ശ്രേഷ്ഠനാണ്  ജഡായു. ജഡായു ചിറകറ്റുവീണ പാറയാണ് ജഡായു പാറ. ഈ പാറയിലാണ് ജഡായു പാർക്ക്. 10 വർഷമെടുത്താണ് ജഡായുപാറ നിർമ്മിച്ചത്, പ്രധാനമായും ഒതുക്കിയ കോൺക്രീറ്റും ചില സ്റ്റെയിൻലെസ് സ്റ്റീൽ ഘടകങ്ങളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.


ഇതിന് അടുത്തായി ഒരു രാമക്ഷേത്രവും നിർമ്മിച്ചിട്ടുണ്ട്. ജടായുവിന് മോക്ഷം നൽകിയ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. സീത, ലക്ഷ്മണൻ, ഗണപതി, ദക്ഷിണാമൂർത്തി, സൂര്യദേവൻ, ജടായു, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലെ മറ്റ് വിഗ്രഹങ്ങൾ. സീതയെ തേടി ഇവിടെയെത്തിയ രാമന്റെ പാദമുദ്രകൾ എന്നു പറയപ്പെടുന്ന കാല്‍പാദം  കാണാവുന്നതാണ്. 


826 പടികളാണ് നടന്നു കയറാനുള്ളത്. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം മാത്രം. മുകളിലെത്തിയാൽ ഒരു മണിക്കൂർ മതിയാകും കാഴ്ച്ചകൾ കണ്ട് പൂർത്തിയാക്കി മടങ്ങാൻ. മൂന്ന് മണിക്കൂർ വരെയാണ് മുകളിൽ അനുവദിച്ചിരിക്കുന്ന സമയം. 

പത്ത് മണി മുതലാണ് പ്രവേശനം ആരംഭിക്കുന്നത്. നാല് അരയാകുമ്പോൾ വോക്ക് വേ ടിക്കറ്റ് ക്ലോസ് ചെയ്യും. അറ് മണിയാകുമ്പോളേക്കും ആളുകൾ തിരികെ ഇറങ്ങി തുടങ്ങണം. 

മല കയറിയത് നടന്നായിനാൽ മടക്കം കേബിൾ കാറിലാണ്. ശില്‍പത്തിന്‍റെ അകത്തെ 6 ഡി തീയറ്ററും എക്സിബിഷന്‍ ഹാളും അവസാനഘട്ട പണിപ്പുരയിലാണ്.. സഞ്ചാരികള്‍ക്ക് ഉടനെ തന്നെ അത് തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു… കേരളത്തിൽ നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനായ രാജീവ് അഞ്ചലാണ് ഇതിന്‍റെ ശില്‍പി. 1997-ലെ ഓസ്കർ പുരസ്കാരത്തിനുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ ഗുരു സം‌വിധാനം ചെയ്തത് രാജീവ് അഞ്ചലാണ്.