എറണാകുളം കുണ്ടന്നൂരിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേരള ഫോക്ക്ലോർ മ്യൂസിയത്തിലേക്കാണ് അറിവ് സ്റ്റോറീസ് ഇന്ന് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്. 25 വർഷത്തിൻറെ ശ്രമഫലമായി പണിതെടുത്ത ഈ മ്യൂസിയം ജോർജ് തളിയത്തിന്റെയും ഭാര്യ ആനി ജോർജിന്റെയും സ്വപ്ന പദ്ധതിയാണ്. 2009-ലാണ് കേരള ഫോക്ലോർ മ്യൂസിയം അതിന്റെ യാത്ര ആരംഭിച്ചത്. പിതാവ് ജേക്കബ് വി തളിയത്തിനൊപ്പം ചേർന്ന് ജോർജ്ജ് തളിയത്ത് പടുത്തുയർത്തിയത് ഇന്ത്യൻ കലകളുടെ ഒരു സാമ്രാജ്യം തന്നെയായിരുന്നു.

കേരള ഫോക്‌ലോർ മ്യൂസിയത്തിന്റെ മുൻഭാഗവും പ്രവേശന കവാടവും ഏതൊരാളെയും വേഗത്തിൽ ആകർഷിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കൊത്തുപണികൾ ഉപയോഗിച്ചാണ് വാതിൽ നിർമ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ 16-ാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.  പുരാതനമായി അലങ്കരിച്ച ശ്രദ്ധേയമായ ഒരു മണിച്ചിത്രത്താഴും പ്രവേശന കവാടത്തെ അടയാളപ്പെടുത്തുന്നുണ്ട്. മൂന്ന് നിലകളിലായാണ് കേരള ഫോക്ലോർ മ്യൂസിയം കെട്ടിടം ഒരുക്കിയിരിക്കുന്നത്. കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവയുടെ   രസകരമായ വിവരങ്ങളും നൃത്ത വേഷങ്ങൾ വ്യത്യസ്ത മ്യൂറൽ പെയിന്റിംഗുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

വലിയ പാത്രങ്ങൾ, തടിയിലും കല്ലിലും കൊത്തിയ വിഗ്രഹങ്ങൾ, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. മുഖംമൂടികൾ, ശിൽപങ്ങൾ, കൈയെഴുത്തുപ്രതികൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ 4000 പുരാവസ്തുക്കൾ ഇവിടെയുണ്ട്. ഈ പുരാവസ്തുക്കൾ കേരളത്തിനെന്നല്ല, ഇന്ത്യയ്ക്കാകെ അവകാശപ്പെട്ടതാണ്. 


പഴയ കാലത്തെ സംഗീതോപകരണങ്ങൾ അടക്കം ശിലായുഗത്തിലെ പാത്രങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരള ഫോക്ലോർ മ്യൂസിയം രാവിലെ 09:30 മുതൽ വൈകുന്നേരം 06:00 വരെ തുറന്നിരിക്കും. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഈ ചെറിയ തുകയിൽ നിങ്ങൾക്ക് സ്വന്തമാക്കാനാവുന്നത് വർഷങ്ങളുടെ പാരമ്പര്യ ചരിത്രമായിരിക്കുമെന്നത് തീർച്ച.