മിന്നും പ്രകടനവുമായി മിന്നു മണി

കേരളത്തിൽനിന്ന് ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടംപിടിക്കുന്ന ആദ്യ താരമാണ് മിന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നാനുള്ള ഓൾറൗണ്ട് മികവ് മിന്നുവിന് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അവസരം ലഭിക്കാൻ വഴിയൊരുക്കി. വനിതാ ഐപിഎൽ കളിക്കുന്ന മലയാളിതാരം എന്നതിൽനിന്ന് ഇന്ത്യൻ ടീമംഗത്തിലേക്കുള്ള മിന്നുവിന്റെ ഉയർച്ച വർഷങ്ങളായി വയനാട്ടിലെ ഗ്രാമത്തിൽനിന്ന് ആ പെണ്‍കുട്ടി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ്.

ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ മിന്നു കുറിച്യ വിഭാഗത്തിൽനിന്ന് ക്രിക്കറ്റിന്റെ താരപ്രഭയിലെത്തിയ ആദ്യത്തെയാളാണ്. മാനന്തവാടി ഒണ്ടയങ്ങാടിയിലാണ് മിന്നുവിന്റെ കൊച്ചുവീട്. ഈ വീട്ടുമുറ്റത്താണ് മിന്നു ക്രിക്കറ്റിലെ ആദ്യ ചുവടുകൾ വച്ചത്. വീടിനു തൊട്ടപ്പുറത്തെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലേക്ക് പിന്നീടു കളി മാറി. ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുവളർന്ന മിന്നു അധികം വൈകാതെ പരിശീലന മൈതാനങ്ങളിലേക്കെത്തി. മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായിക അധ്യാപിക എത്സമ്മയാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മിന്നുവിലെ കായികതാരത്തെ കണ്ടെത്തിയത്. തൊടുപുഴയിലെ കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ പരിശീലനത്തിന് അവസരം ലഭിച്ചതു വഴിത്തിരിവായി. 

പതിനാറാം വയസ്സിലാണ് മിന്നു മണി കേരള ക്രിക്കറ്റ് ടീമിലെത്തിയത്. അന്നുതൊട്ട് ഇതുവരെ വിവിധ ടീമുകൾക്കായി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും സ്റ്റേഡിയത്തിലെത്തി മിന്നുവിന്റെ പ്രകടനം കാണാൻ അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടില്ല. കൂലിപ്പണിക്കാരായ ഇരുവർക്കും ഒരു ദിവസത്തെ ജോലി ഒഴിവാക്കി മത്സരം കാണാൻ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. മകൾ ബംഗ്ലദേശിനെതിരെ കളിക്കാനിറങ്ങിയപ്പോൾ അച്ഛൻ മണിയും അമ്മ വസന്തയും മാനന്തവാടിയിലെ വീട്ടിലെത്തുന്നവർക്ക് മധുരം വിതരണം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.