മുന്നിൽ കണ്ടാൽ കടിച്ചുകീറുന്ന അമേരിക്കൻ കടുവയായ ജാഗ്വാറുകളും ഒറ്റ കടിയിൽ ജീവനെടുക്കുന്ന കൊടുംവിഷപ്പാമ്പുകളും… ലോകത്തെ ഏറ്റവും ഭീകരത നിറഞ്ഞ ആമസോൺ മഴക്കാടിൻറെ ഒറ്റ നോട്ടത്തിലുള്ള ദൃശ്യം. ലോകത്തിലെ ഒട്ടനവധി അപൂര്‍വ ജന്തുജാലങ്ങള്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് ആമസോണിന്റെ തീരം. കൊടും വേനലിലും പച്ചപ്പ് കാട്ടി മോഹിപ്പിക്കുന്ന നിത്യഹരിത വനം. പച്ചപ്പിനും പ്രകൃതി ഭംഗിക്കുമിടയിൽ പതിയിരിക്കുന്ന വമ്പൻ അനകൊണ്ടകൾ. ലോകത്തിലെ ഏറ്റവും നീളവും വലിപ്പവും കൂടിയ പച്ച അനാക്കോണ്ടകൾ കാണപ്പെടുന്നതും ഇതേ ആമസോൺ കാടുകളിൽ തന്നെയാണ്. ഒരു തവണ കഴിക്കുന്ന ഭക്ഷണം തന്നെ ദിവസങ്ങളോളം ഇവയ്ക്ക് മതിയാകും, അത്ര വലിയ ഇരയെയാണ്  ഇവ ഭക്ഷിക്കുക.  മാസങ്ങളോളം പിന്നെ ആനക്കോണ്ട സുഖമായിരിക്കും. ആനാക്കോണ്ടകൾക്കു താഴെ വലിപ്പമുള്ള മലമ്പാമ്പുകളും ഇവിടെയുണ്ട്. വലിപ്പത്തിൽ ആൺ മലമ്പാമ്പിനെക്കാൾ കൂടുതൽ വലുത് പെൺ മലമ്പാമ്പാണത്രേ. ഇവ നരഭോജികളുമാണ്. ഇത്തരമൊരു കാട്ടിൽ നാല് കുഞ്ഞുങ്ങൾ ദിവസങ്ങളോളം അതിജീവിച്ചുവെന്നത് വിചിത്രം. ലെസ്ലി എന്ന 13 വയസുകാരിയാണ് ആ കൊടുങ്കാട്ടിലെ ഹീറോ. നാല് പേരിൽ മൂത്തവളാണ് ലെസ്ലി. 40 ദിവസത്തിന് ശേഷം കൊളംബിയൻ സൈന്യം അവരെ കാട്ടിൽ നിന്ന് കണ്ടെത്തുമ്പോൾ ഈ കുട്ടികളെല്ലാം ജീവനോടെ ഇരിക്കുന്നതും ലെസ്ലിയുടെ കരുതലാണ്.

ഹെയൽ റിബൺ ഉപയോഗിച്ച് അവൾ ക്യാമ്പുകൾ നിർമിച്ചു. കാട്ടിലെ പഴങ്ങൾ ഭക്ഷണമാക്കി. കൂടെ കരുതിയിരുന്ന മാവും കസവ റൊട്ടിയും കുഞ്ഞനുജത്തിമാർക്ക് നൽകി അമ്മയെപോലെ തണലേകി. 11 മാസം മാത്രം പ്രായമായ ക്രിസ്റ്റിനെ കൂടാതെ ഒമ്പത് വയസുകാരി സോളിനിയും നാല് വയസുള്ള നോറിയലുമായിരുന്നു ലെസ്ലിയുടെ തണലിൽ അതിജീവിച്ചത്. കാട്ടിൽ വിഷപ്പഴങ്ങൾ ഏറെയുണ്ടായിട്ടും അവ ഒഴിവാക്കി നല്ലത് മാത്രം ഭക്ഷിക്കാൻ മൂത്തവൾ ശ്രദ്ധിച്ചു. ആ കുഞ്ഞുങ്ങൾ ഇപ്പോൾ ആരോഗ്യവതികളാണ്, സുരക്ഷിതരുമാണ്. പിന്നാലെ ചർച്ച ചെയ്യപ്പെട്ടത് ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ മഴക്കാടുകളെക്കുറിച്ചാണ്. ബ്രസീല്‍, പെറു, കൊളംബിയ, വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗ്വയ്‌ന, സരിനെയിം, ഫ്രഞ്ച് ഗയാന തുടങ്ങിയ ഒന്‍പത് രാജ്യങ്ങളിലായിട്ടാണു ഇത് വ്യാപിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കയുടെ 40 ശതമാനത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട് ആമസോണ്‍ കാടും, നദിയുമടങ്ങിയ പ്രദേശം.

കറുത്ത ചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനാക്കൊണ്ട തുടങ്ങിയ വന്യജീവികളും ഷോക്ക് അടിപ്പിക്കാന്‍ കഴിവുള്ള ഇലക്ട്രിക് ഈലുകളും, മനുഷ്യനെ തിന്നാന്‍ വരെ ശേഷിയുള്ള പിരാനകളും ഇവിടെയുണ്ട്. കൂടാതെ കൊടിയ വിഷം ഉള്ള ചെടികളും മരങ്ങളും തവളകളും പാമ്പുകളും പ്രാണികളും മുതല്‍ പേവിഷം പരത്താന്‍ കഴിവുള്ള വാമ്പയര്‍ വവ്വാലുകളും വരെ ഇവിടെ യഥേഷ്ടം കാണപ്പെടുന്നു.ഇത്രയേറെ ഭീകരത നിലനിൽക്കുമ്പോഴും അവിടുത്തെ മനുഷ്യവാസം അത്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യൻ ഉണ്ടായ കാലത്തെ മുതൽ തന്നെ ഇവിടെ വാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. എ ഡിയ്ക്കും മുൻപ് അവിടെയുണ്ടായിരുന്ന മനുഷ്യരുടെ കാര്യത്തിൽ കൃത്യമായ വ്യക്തതയില്ലെങ്കിലും എ ഡിയിൽ ഇവിടെ മനുഷ്യർ സ്ഥിരമായി താമസിക്കാൻ എത്തിയിരുന്നു. പുരാതനകാലം മുതല്‍ തന്നെ ആമസോണ്‍ വനങ്ങളില്‍ മനുഷ്യരും വസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 11,200 വര്‍ഷം മുമ്പ് മനുഷ്യര്‍ വസിച്ചിരുന്നതായിട്ടാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ആധുനികകാലത്ത് എ.ഡി 1250 മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. 

ആധുനികകാല ഗവേഷണങ്ങള്‍ അനുസരിച്ച് എ.ഡി 1500 കാലഘട്ടത്തില്‍ 50 ലക്ഷത്തോളം ആള്‍ക്കാര്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്നിട്ടുണ്ടാകാമെന്നാണ്. എന്നാല്‍ ഇന്നത് രണ്ട് ലക്ഷത്തിലും താഴെയാണ്. ഇന്നും അറിയപ്പെടാത്ത ഒട്ടേറെ ഗോത്ര വര്‍ഗ്ഗങ്ങളും ഇവിടെ ജീവിക്കുന്നുണ്ട്.വർഷങ്ങൾ ചെല്ലുന്തോറും ഇവിടെ താമസിക്കുന്ന മനുഷ്യരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. കുറെ വനഭാഗം മനുഷ്യർക്ക് പറ്റുന്നത് പോലെ മാറ്റിയെങ്കിലും കാടിന്റെ ജൈവിക അവസ്ഥ മാറിപ്പോയെങ്കിലും ഒടുവിൽ മനുഷ്യർ ഈ മഴക്കാടിനെ ഉപേക്ഷിച്ചു കുറച്ചുകൂടി സൗകര്യപ്രദമായ മറ്റൊരു പ്രദേശം കണ്ടെത്തി.  ഇപ്പോഴും ഇവിടെ പലയിടങ്ങളിലും ഈ മനുഷ്യവാസത്തിന് തെളിവുകൾ അവശേഷിക്കുന്നു എന്ന് വേണം കരുതാൻ. 

സാറ്റലൈറ്റുകള്‍ക്ക് പോലും കണ്ടെത്താനാവാത്ത ഇതിനുള്ളിലെ നിഗൂഢതകള്‍ തേടി പല സാഹസികരും ഇതിനുള്ളില്‍ കടന്നിട്ടുണ്ടെങ്കിലും ഉള്‍വനങ്ങളിലൂടെ കടന്നുപോയി ജീവനോടെ തിരിച്ചെത്തുവാന്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമെ സാധിച്ചിട്ടുള്ളൂ. എങ്കിലും ആവേശത്തോടെ ആമസോണിന്റെ നിഗൂഢതകല്‍ തേടി ഇന്നും ഒട്ടേറെപേര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇനിയുമുണ്ട് കണ്ടെത്താനും അറിയാനും നിഗൂഡത നിറഞ്ഞ ആമസോൺ വനത്തെക്കുറിച്ച്…