വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം നമ്മളിലേക്ക് കവിതയായ് പകർത്തിയ എം ടി വാസുദേവൻ നായർ എന്ന എം ടി ഇന്ന് നവതിയുടെ നിറവിൽ. അത്രമേൽ ആർദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും നൊമ്പരങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കി. മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശങ്ങൾ കഥകളിലൂടെയും, നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് എം ടി സന്നിവേശിപ്പിച്ചു. നമ്മുടെ സ്വകാര്യതകളിൽ താലോലിച്ച സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എം ടി യുടെ കഥാപാത്രങ്ങളിൽ വന്ന് നിറയാറുണ്ട്.
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായരെ ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിന്റെ അക്ഷര സുകൃതമെന്നു വിശേഷിപ്പിക്കാം, പരത്തിപ്പറഞ്ഞാൽ പാരാവാരത്തോളം പറയാനുണ്ടാകും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയാണ്. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലിക അവിരാമം ചലിക്കുകയാണ്.
0 Comments