ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനം.

ലഹരി... അറിയാനുള്ള ആകാംക്ഷയിൽ ഉപയോഗിച്ചുതുടങ്ങി ക്രമേണ അതിന് അടിമപ്പെടുന്ന അവസ്ഥ. ഉപയോഗിച്ച് ഉപയോഗിച്ച് ഒടുവിൽ തെറ്റിപ്പോയി എന്ന ബോധ്യത്തിലേക്ക് എത്തുമ്പോഴേക്കും ആരാലും രക്ഷപ്പെടുത്താൻ കഴിയാത്തവിധം തകർന്നിട്ടുണ്ടാവും.

ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വരുന്നു. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്) യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്. 

പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ലോകമെമ്പാടുമുള്ള മയക്കുമരുന്ന് ദുരുപയോഗ ഭീഷണിയുടെ തോത് പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകൾ. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം ഓരോ വർഷവും കൂടി വരികയാണ്.എന്താണ് മയക്കുമരുന്നുകൾ എന്ന് അറിയാനോ അല്ലെങ്കിൽ ഒരു തവണ ഉപയോഗിച്ചിട്ട് നിർത്താമെന്ന് കരുതിയോ ലഹരി ഉപയോഗം തുടങ്ങുകയാണെങ്കിൽ ഓർക്കുക... ലഹരി തിരിച്ചു വരാനാകാത്ത വിധം നമ്മളെ കീഴ്‌പ്പെടുത്തിക്കളയും... അത് സമൂഹത്തിന് തന്നെ മഹാവിപത്താണ്...!