കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. ഈ സാഹചര്യത്തിൽ ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങൾ ഇന്ന് ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.
പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ 2000 മുതലുള്ള കണക്കുകൾ അനുസരിച്ച് മൊത്തത്തിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 152 മില്യൺ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 72 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.
ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിനുളള ആഹ്വാനമാണ് ഈ വർഷത്തെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ വിഷയം. ബാലവേലയുടെ ഏറ്റവും മോശം രൂപങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ 'കൺവെൻഷൻ നമ്പർ 182'ന്റെ ആഗോള അംഗീകാരത്തിന് ശേഷമുള്ള ആദ്യ ലോക ബാലവേല വിരുദ്ധ ദിനമാണിത്.
0 Comments