കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടി നടന്ന തെരച്ചിലിന് സങ്കടകരമായ അവസാനം. വർഷങ്ങൾക്ക് മുൻപേ കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയ കൂറ്റൻ കപ്പൽ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ അഗാധതകളിൽ മറഞ്ഞു. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും പുരോഗമിച്ച തെരച്ചിൽ ദൗത്യം ഒടുവിൽ അവശിഷ്ടങ്ങളിൽ തട്ടി അവസാനിച്ചു. എന്താണ് ടൈറ്റൻ എന്നും അതിൻറെ നിർമ്മാതാക്കൾ നൽകിയ അവകാശ വാദങ്ങളും പരിശോധിക്കാം.
എന്താണ് ടൈറ്റൻ? ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് നിർമിച്ച അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ചെറു അന്തര്‍ വാഹിനിയാണ് ദി ടൈറ്റന്‍. 13,123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം. 22 അടി നീളവും 9.2 അടി വീതിയും 8.3 അടി ഉയരവുമാണ് ടൈറ്റനുള്ളത്. 21,000 പൌണ്ടാണ് ടൈറ്റന്‍റെ ഭാരം. സമുദ്ര ജലത്തിലെ മര്‍ദ്ദം താങ്ങാനായി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവുമാണ്. ഒരു മണിക്കൂറില്‍ 3.45 മൈലാണ് നാല് ഇലക്‌ട്രിക് എന്‍ജിനുകള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചാല്‍ ടൈറ്റന്‍ സഞ്ചരിക്കുക. 96 മണിക്കൂറാണ് ടൈറ്റന് അന്തര്‍വാഹനിയിലുള്ളവര്‍ക്ക് ജീവനോടെ ഇരിക്കാനാവശ്യമായ ഒക്സിജൻ നല്‍കാനാവുകയെന്നുമാണ് അന്തര്‍ വാഹനിയേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.
ടൈറ്റനുള്ളില്‍ ഇരിക്കാനായി കസേര പോലുള്ള സൌകര്യങ്ങള്‍ ഇല്ല മറിച്ച് പര്യടന സമയത്ത് സഞ്ചാരികള്‍ കാലുകള്‍ പിണച്ച് തറയില്‍ ഇരിക്കാറാണ് പതിവെന്നാണ് ടൈറ്റനിലെ മുന്‍ സഞ്ചാരികള്‍ വിശദമാക്കുന്നു. ഷൂസ് പോലും സഞ്ചാരികള്‍ വെസലിനുള്ളില്‍ ഉപയോഗിക്കാറില്ല. കാഴ്ചകള്‍ കാണാനുള്ള ഒരു ചെറിയ ജനല്‍ മാത്രമാണ് ടൈറ്റനുള്ളത്. ഇതിലൂടെയാണ് സഞ്ചാരികള്‍ക്ക് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ദൃശ്യമാവുക. ടെക്സ്റ്റ് മെസേജുകളിലൂടെയാണ് ടൈറ്റന്‍ മാതൃ പേടകവുമായി ബന്ധപ്പെടുക. അതിനാല്‍ തന്നെ ഓരോ പതിനഞ്ച് മിനിറ്റിലും ഈ മെസേജ് ടൈറ്റന് നിര്‍ണായകമാണ്. ആഴക്കടലിലെ തണുപ്പിനെ അതിജീവിക്കാന്‍ ചെറിയൊരു ഹീറ്റര്‍ ടൈറ്റനില്‍ ഉണ്ടെങ്കിലും ഇത് എല്ലാക്കാലവും പ്രവര്‍ത്തിക്കാനാവില്ല പര്യടനം തുടങ്ങിയാല്‍ 24 മണിക്കൂറിനകം തനിയെ ഉയര്‍ന്ന് വരുന്ന നിലയിലാണ് ടൈറ്റനെ നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലെ ഘട്ടത്തിൽ ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റൻ രൂപകൽപന ചെയ്തിട്ടുള്ളത്. അതിനാൽത്തന്നെ പേടകം കണ്ടെത്തുന്ന രക്ഷാപ്രവർത്തകർക്കു മാത്രമേ അതിനുള്ളവരെ പുറത്തേക്ക് ഇറക്കാനാകൂ.
ഒടുവിൽ എല്ലാ വാദങ്ങളും പ്രതീക്ഷകളും നിഷ്ഫലമാക്കി തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
0 Comments