ഇന്ന് പുൽവാമ ദിനം.

 ഭാരതത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാല് വയസ് തികയുകയാണ്. ഭാരത മണ്ണിന് വേണ്ടി ജീവ ത്യാഗം ചെയ്ത ഓരോ ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിനം. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്‌ക്ക് സമീപമായിരുന്നു ആക്രമണം.

2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു ഭീകര സംഘടനയുടെ ചാവേര്‍. തിരിച്ചറിയാനാകാത്ത വിധം വാഹനം ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നു. 

ആക്രണത്തിന് തൊട്ടു മുന്‍പ് ചിത്രീകരിച്ച വീഡിയോയും പിന്നീട്  ഭീകര സംഘടന പുറത്തു വിട്ടിരുന്നു. എകെ 47 നുമായി നില്‍ക്കുന്ന ചാവേറിനെ വീഡിയോയില്‍ ദൃശ്യമായിരുന്നു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലായി ഓരോ ഭാരതീയരുടേയും മനസില്‍ അവശേഷിക്കുന്നുണ്ട്