കേരളത്തിലെ ഏറ്റവും ഗ്രാൻഡായ പുതുവത്സരാഘോഷം ഫോർട്ട് കൊച്ചിയിലാണ്. കൊച്ചിൽ കാർണിവലും അതിനോട് ചേർന്ന് പപ്പാഞ്ഞിയെ കത്തിക്കലും കേരളത്തിന്റെ ഭാഗമായിട്ട് 35 വർഷം കഴിഞ്ഞു. കേരളത്തിൻ്റെ സംസ്കാരവുമായും സാംസ്കാരിക വൈവിധ്യവുമായും ചേർന്നുകിടക്കുന്നതാണ് പപ്പാഞ്ഞി. 1984ൽ കൊച്ചിയിലെ മൂന്ന് യുവാക്കൾ ചേർന്ന് കൊച്ചിൻ കാർണിവലിനു തുടക്കമിട്ടപ്പോൾ ആരംഭിച്ചതാണ് പപ്പാഞ്ഞിയുടെ ആളിക്കത്തൽ.

 പപ്പാഞ്ഞിയുടെ ചരിത്രം

അന്വേഷിച്ചു ചെല്ലുന്നവർ ആദ്യം എത്തിച്ചേരുക പോർച്ചുഗീസ് ഭരണകാലത്തേക്കാണ്. 1503 മുതൽ 1663 വരെ കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസുകാർ ക്രിസ്‌മസും പുതുവത്സരവും കളറാക്കി ആഘോഷിച്ചിരുന്നു. 


ഈ ആഘോഷങ്ങളുടെ ഭാഗമാണ് പപ്പാഞ്ഞി.മുത്തച്ഛൻ എന്നാണ് പോർച്ചുഗീസിൽ പപ്പാഞ്ഞി എന്ന വാക്കിൻ്റെ അർത്ഥം. പപ്പാഞ്ഞി എരിഞ്ഞടങ്ങുന്നതോടെ പോയ വർഷത്തെ എല്ലാ വിഷമങ്ങളും ചാരമാക്കി പ്രതീക്ഷയോടെ നവവത്സരത്തെ സ്വാഗതം ചെയ്യുകയാണെന്നാണ് വിശ്വാസം. 2012 മുതൽ കൊച്ചി ബിനാലെ പപ്പാഞ്ഞി നിർമാണത്തിൽ പങ്കാളി ആയിത്തുടങ്ങി.

 പപ്പാഞ്ഞി പലപ്പോഴും കാലികമാവാറുണ്ട്. 2017ൽ ഓഖി ആഞ്ഞടിച്ചപ്പോൾ അക്കൊല്ലത്തെ പപ്പാഞ്ഞി ദുഖിതനായിരുന്നു. 2018ലാവട്ടെ, അക്കൊല്ലത്തെ പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്ന പപ്പാഞ്ഞി ഉയർന്നു. 2019 ൽ പ്രകൃതി സംരക്ഷണ സന്ദേശം പങ്കുവയ്ക്കുന്ന പപ്പാഞ്ഞിയാണ് കത്തിയെരിഞ്ഞത്.

പോയ വർഷത്തിന്റെ എല്ലാ വിഷമതകളെയും മറന്ന് പ്രതീക്ഷയുടെ പുതുവത്സരത്തിനായി കാത്തിരിക്കുന്ന എല്ലാവർക്കും അറിവ് സ്റ്റോറീസിന്റെ പുതുവത്സരാശംസകൾ.