രാജ്യസ്നേഹത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സമർപ്പിതമായ ലക്ഷ്യബോധത്തിന്റെയും പ്രതീകമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-മത് ജന്മദിനമാണിന്ന്. സ്വാതന്ത്ര്യം എന്ന മഹനീയത സാധ്യമാക്കിയ ദീപ്തതാരങ്ങളിലൊരാളെന്ന നിലയിൽ ഇന്ത്യൻ ജനത എക്കാലവും ബഹുമാനത്തോടെ കാണേണ്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
സ്വാതന്ത്ര്യത്തിനായി നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി ആവിഷ്കരിച്ചപ്പോൾ നേതാജിയെപ്പോലുള്ളവർ പോരാട്ടവഴിയായിരുന്നു ലക്ഷ്യത്തിലെത്താൻ തിരഞ്ഞെടുത്തത്. ഗാന്ധിജിയുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷപദം വരെ രാജിവച്ചിട്ടുണ്ട് അദ്ദേഹം. ഫോർവേഡ്‌ബ്ലോക്ക് രൂപീകരിക്കുകയും ചെയ്തു. ആശയസംഘർഷമുണ്ടായിരുന്നെങ്കിലും ഗാന്ധിജിയെ എന്നും ആദരവോടെയാണ് അദ്ദേഹം കണ്ടത്. മഹാത്മാഗാന്ധിയെ ‘രാഷ്ട്രപിതാവ് ’ എന്ന് ആദ്യമായി വിളിച്ചതു നേതാജിയാണ്.
ഇന്ത്യൻ മണ്ണിൽനിന്നു ബ്രിട്ടിഷുകാരെ തുരത്താൻ ആയുധശക്‌തിതന്നെ പ്രയോഗിക്കണമെന്നും, ആ ശക്‌തി ഇന്ത്യയ്‌ക്കു വെളിയിലേ സംഘടിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സായുധശക്‌തികൊണ്ടു ബ്രിട്ടിഷ് സാമ്രാജ്യശക്‌തിയെ അദ്ദേഹത്തിനു വിറപ്പിക്കാനുമായി. നേതാജിയുടെ അന്ത്യം ഇന്നും ദുരൂഹമായി തുടരുന്നു. വിമാനാപകടത്തിൽ ബോസ് മരിച്ചില്ലെന്നും വേഷപ്രച്ഛന്നനായി പിന്നെയും ദീർഘകാലം ജീവിച്ചിരുന്നുവെന്നും പലരും വിശ്വസിച്ചു.
0 Comments