പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബർ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേർത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്.

ഓരോ മനുഷ്യർക്കും ഈ ലോകത്ത് അന്തസ്സോടെ, സുരക്ഷയോടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ വീട്, വസ്ത്രം, ഭക്ഷണം എന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സമാധാനപരമായ ജീവിതവും മനുഷ്യവകാശങ്ങളിൽ ഉൾപ്പെടുന്നു. വർദ്ധക്യത്തിൽ ലഭിക്കേണ്ട പരിഗണനകളും സംരക്ഷണവും ഉറപ്പിക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെ മനുഷ്യാവകാശങ്ങൾക്ക് വളരെ വിപുലമായ ഒരു പദ്ധതിയുണ്ട്.

ഏത് പദവിലിരിക്കുന്നയാൾക്കും മനുഷ്യാവകാശങ്ങൾ മനുഷ്യർക്കെല്ലാവർക്കും ഒരുപോലെയാണ് എന്ന ആഗോള ഉടമ്പടി തന്നെയുണ്ട്. പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്. നമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനുഷിക അന്തസ്സ് എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയാണ് നമ്മുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ. ഈ ലോകത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും നീതിന്യായ വ്യവസ്ഥകൾ പാലിച്ചു മുമ്പോട്ട് പോകേണ്ടതുണ്ട്.