ഊർജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഊർജ സ്രോതസ്സുകളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

ജനസംഖ്യ വർധിച്ചുവരുന്നതോടെ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയും വർധിച്ചുവരികയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ഭാവിയിൽ കുറഞ്ഞ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനും വേണ്ടി ജനങ്ങളെ ബോധവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ദിനാചരണവും. 2001 ൽ ബിഇഇ ആണ് ഇന്ത്യൻ ഊർജ്ജ സംരക്ഷണ നിയമം നടപ്പിലാക്കിയത്. ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ ഊർജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും മറ്റും വികസിപ്പിക്കാൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബിഇഇ. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അവവിവിധ മാർഗങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നതും ഈ സ്ഥാപനമാണ്.

എല്ലാവരും ശീലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യമാണ് ഊർജ സംരക്ഷണം. ലോകജനതയുടെഭാവിക്കായി ഊർജം സംരക്ഷിക്കേണ്ടതിൻരെ പ്രാധാന്യവും ഈ ദിനത്തിൽ ഓർമ്മിപ്പിക്കുന്നു. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതോടൊപ്പം വിഭവങ്ങളെക്കുറിച്ചും ഊർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.