1988 ഡിസംബർ ഒന്നിനാണ് ലോകാരോഗ്യ സംഘടന-ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എയ്ഡ്സ് രോഗം, അതിന്റെ പ്രതിരോധം, ഗർഭനിരോധന ഉറയുടെ പ്രോത്സാഹനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ചു നടക്കാറുണ്ട്. 2022 ഡിസംബർ 1-ന് ലോക എയ്ഡ്സ് ദിനത്തിൽ 'ഒരുമിച്ച് തടുത്തു നിർത്താം' എന്ന പ്രമേയം ലോക ആരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത്. വർണ്ണ, വർഗ, ലിംഗ അസമത്വങ്ങൾ കാറ്റിൽ പറത്തി, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും നിയമപരവുമായ വ്യത്യാസങ്ങളെ മാറ്റി നിർത്തി ഒന്നായി നിന്ന് ആവശ്യമുള്ളവർക്ക് ആവശ്യമായ ചികിത്സ എത്തിച്ചാൽ മാത്രമേ ലോകത്ത് നിന്നും ഈ വൈറസ് ബാധ തുടച്ചുനീക്കാൻ കഴിയുകയുള്ളു.
എയ്ഡ്സ് രോഗബാധിതരെ സ്പർശിച്ചാലോ കെട്ടിപ്പിടിച്ചാലോ എയ്ഡ്സ് പകരുമെന്ന ചിന്തയിൽ അവരിൽ നിന്ന് ഓടിയൊളിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. ലോകത്തിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളെ ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി എയ്ഡ്സ് ഇന്നും നിലനിൽക്കുന്നു. വിഭജനം, അസമത്വം, മനുഷ്യാവകാശങ്ങളോടുള്ള അവഗണന എന്നിവ എച്ച്ഐവിയെ ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയായി മാറ്റിയിരിക്കുന്നു.
ഭൂമിയിൽ നിന്നും എയ്ഡ്സിനെ തുരത്തുന്നതിന് തടസ്സം നിൽക്കുന്ന അസമത്വങ്ങളെ തിരിച്ചറിയാനും നേരിടാനും ലോകമെമ്പാടുമുള്ള പൗരന്മാരോട് ലോക ആരോഗ്യ സംഘടന ആഹ്വനം ചെയ്യുന്നു. കുട്ടികൾക്കും പ്രധാന ജനവിഭാഗങ്ങൾക്കും അവരുടെ പങ്കാളികൾക്കും -അതായത് പുരുഷ സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡറുകൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ലൈംഗികത്തൊഴിലാളികൾ, ജയിലുകളിൽ കഴിയുന്നവർ എന്നിവർക്ക് അവശ്യ എച്ച്‌ഐവി സേവനങ്ങളിലേക്കുള്ള പ്രവേശനം തുല്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം എയ്ഡ്സ് ദിനം ആചാരിക്കുന്നത്.
0 Comments