ലോകമെമ്പാടും കാൽപന്ത് കളിയുടെ ആവേശത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ വിജയികളായി ട്രോഫി നേടുന്നത് ആരെന്നറിയാനുള്ള ആകാംഷയിലാണ് ഫുട്ബോൾ ആരാധകർ. എന്നാൽ ഈ ആരാധകരിൽ എത്ര പേർക്ക് ലോകകപ്പ് ട്രോഫിയുടെ ചരിത്രം അറിയാം?ഇതുവരെ രണ്ട്‌ സമ്മാനകപ്പുകളാണ്‌ ഫിഫ ലോകകപ്പ് ഫുട്ബോളിനായി നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. ഫിഫയുടെ സ്ഥാപകരിലൊരാളായ യൂൾ റിമെയുടെ ഓർമ്മക്കായുള്ള യൂൾ റിമെ കപ്പും, പുതിയതായി നിർമ്മിച്ച ഇപ്പോഴത്തെ കപ്പും.ഫ്രഞ്ചുകാരനായ പ്രസിദ്ധ ശിൽപ്പി ആബേൽ ലാഫ്ലേവറാണ്‌ സ്വർണ്ണം കൊണ്ടുള്ള ആദ്യ കപ്പ് രൂപകൽപന ചെയ്‌തത്‌. 35 സെന്റീമീറ്റർ ഉയരവും 3.6 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ഈ കപ്പ്‌ ഇന്ദ്രനീലക്കല്ലും സ്വർണ്ണവും വെള്ളിയും ചേർത്താണ്‌ ഉണ്ടാക്കിയത്‌. ഇറ്റലിക്കാരനായ ശിൽപ്പി സിൽവിയോ ഗസാനികയാണ് രണ്ടാമത്തെ കപ്പ് നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്തത്. വിജയാനന്ദത്തിന്റെ സമ്മർദ്ദത്തിൽ സർപ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട്‌ കായികതാരങ്ങളെയാണ്‌ ശിൽപ്പി സിൽവിയോ ഗസാനിക കപ്പിൽ കൊത്തിയിരിക്കുന്നത്‌. 18 കാരറ്റ്‌ സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന ഈ കപ്പിന്‌ 36.5 സെന്റീമീറ്റർ ഉയരവും 6.175 കിലോഗ്രാം തൂക്കവുമുണ്ട്‌.

ആദ്യ കപ്പിനെ ചുറ്റിപ്പറ്റി രസകരമായ കഥകൾ ഏറെയുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫിഫ പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറാസ്സി അക്രമികളുടെ കയ്യിൽനിന്ന്‌ ഈ കപ്പിനെ രക്ഷിച്ച കഥ പ്രസിദ്ധമാണ്‌. പാദരക്ഷകൾ സൂക്ഷിക്കുന്ന പെട്ടിയിലിട്ട്‌ സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ്‌ ബറാസീ കപ്പ്‌ അക്രമികളുടെ കയ്യിൽപ്പെടാതെ സൂക്ഷിച്ചത്.1966-ൽ ഇംഗ്ലണ്ടിൽ പ്രദർശനത്തിന്‌ വെച്ചിരുന്ന ഈ കപ്പ്‌ കാണാതായിരുന്നു. എന്നാൽ പിക്കിൾസ്‌ എന്ന പേരുള്ള ഒരു പോലീസ്‌ നായയുടെ സഹായത്തോടെ പോലീസ് കപ്പ്‌ കണ്ടെത്തി. കപ്പ്‌ ഒരു മരത്തിനടിയിൽ കുഴിച്ചിട്ടിരിക്കയായിരുന്നു.1970-ൽ മൂന്നാം വട്ടം ലോകകപ്പ്‌ നേടി, ബ്രസീൽ, യൂൾ റിമേ കപ്പ്‌ എന്നെന്നേക്കുമായി സ്വന്തമാക്കി. റിയോ ഡീ ജെനീറോയിലെ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആസ്ഥാനത്ത് പ്രദർശിപ്പിച്ചിരുന്ന ഈ കപ്പ് 1983 ഡിസംബർ 19-ന് മോഷ്ടിക്കപ്പെട്ടു. പിന്നീട് ഈ കപ്പ് കണ്ടെടുക്കാനായില്ല. കൈക്കലാക്കിയവർ കപ്പ്‌ ഉരുക്കി സ്വർണ്ണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു.

 നിരാശരായ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ റിമെ കപ്പിനെ അനുകരിച്ച്‌ വേറൊരു കപ്പുണ്ടാക്കി പ്രശ്‌നം പരിഹരിച്ചു. 1970-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിൽ ബ്രസീൽ റിമെ കപ്പ്‌ സ്വന്തമാക്കിയതിനെത്തുടർന്നാണ് പുതിയ കപ്പ് രൂപകല്പന ചെയ്തത്.


10 ഇപ്പോഴത്തെ കപ്പ്‌ ഫിഫയ്ക്ക്‌ അവകാശപ്പെട്ടതാണ്‌. ലോകകപ്പിൽ വിജയിക്കുന്ന രാജ്യങ്ങൾക്ക്‌ ഈ കപ്പ്‌ അടുത്തലോകകപ്പ്‌ വരെയേ കൈവശം വെക്കാൻ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേൽപ്പിക്കുന്ന കപ്പിന്‌ പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങൾക്ക്‌ ലഭിക്കും. സ്വർണ്ണം പൂശിയ ഈ മാതൃക രാജ്യങ്ങൾക്ക്‌ സ്വന്തമായി കൈവശം വെക്കാം.