മനുഷ്യന്റെ നിലനിൽപ്പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമാണ്എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നത് 2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു. മണ്ണിലെ പോഷക നഷ്ടം എന്നതാണ് ഈ വർഷത്തെ പ്രമേയം.

മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് ശുപാർശ ചെയ്തു. തായ്ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. 

ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.