പ്രകൃതി സ്വന്തം കൈയാൽ മെനഞ്ഞെടുത്ത് മനോഹരമാക്കിയൊരിടം, അതാണ്‌ കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ടയിൽ ആനക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന കുടുക്കത്തുപാറ.ആനക്കുളം ജങ്ഷനില്‍ നിന്നു വനപാതയിലൂടെ സഞ്ചരിച്ചാൽ നേരെ എത്തുന്നത് കുടുക്കത്തുപാറയില്‍ ആണ്. അവിടെനിന്നു കുന്നുകയറി പാറയുടെ നെറുകയില്‍ എത്തിയാല്‍ നാലുചുറ്റും നോക്കെത്താദൂരം വരെ പ്രകൃതി മനോഹര ദൃശ്യങ്ങളാണ്.കിഴക്കു തെക്കു ഭാഗത്ത് പൊന്മുടി മലനിരകളും സഹ്യപര്‍വത മലനിരകളും കാണാം. പടിഞ്ഞാറ് തെളിഞ്ഞ കാലാവസ്ഥയില്‍ തങ്കശേരി വിളക്കുമരത്തിന്റെ പ്രകാശം വരെ സന്ധ്യസമയത്ത് കാണാന്‍ കഴിയും.

 കുടുക്കത്തുപാറയില്‍തന്നെ സായിപ്പ് ഗുഹ, ട്രെയിന്‍ പാറ, കാവ് എന്നിവയും കാണാം. പാറ ആരംഭിക്കുന്നിടത്തു നിന്നു മലമുകളിലേക്ക് ഇരുസൈഡിലും കൈവരികളോടുകൂടിയ പടികള്‍ ഉണ്ട്.കുടുക്കത്ത് പാറയ്ക്ക് 840 അടി ഉയരമുണ്ട്. മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തുനിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. 

മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. പാറയുടെ സമീപത്തായി ഔഷധ സസ്യമായ ആരോഗ്യപച്ച ധാരാളം ഉണ്ട്.പടി കയറി ക്ഷീണിക്കുമ്പോള്‍ ചാരി ഇരിക്കുന്നതിന് ഇടവിട്ട് ബഞ്ച് സ്ഥാപിച്ചിട്ടുണ്ട്. പടികള്‍ കയറുന്നതിന് ആവശ്യമായവര്‍ക്കു താങ്ങായി പിടിച്ചുകയറാനായി പടികളുടെ ഇരുസൈഡിലും ഇരുമ്പുപൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.

ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്നതാണ് കുടുക്കത്തുപാറ. ഇവിടെ സന്ദര്‍ശിക്കുന്നതിനായി എത്തുന്നവര്‍ക്ക് ഗൈഡിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 


പാറയുടെ മുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഉണ്ട്.കൊല്ലം ജില്ലയാണ് വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കുന്നതെങ്കിൽ, കുടുക്കത്തുപാറയുടെ സൗന്ദര്യം കൂടി ആസ്വദിച്ചേ മടങ്ങാവൂ...