ഫിഫ ലോകകപ്പ് കിക്കോഫിന് ഇനി വിരലില്‍ എണ്ണാവുന്ന നിമിഷങ്ങൾ മാത്രം. ഇനി കാല്‍പ്പന്ത് കളിയുടെ മാന്ത്രിക ദിനങ്ങള്‍.....

ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് 2022 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന പോരാട്ടം.

അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പ് , ഏഷ്യയിലെ രണ്ടാമത്തെ ലോകകപ്പ് , ഗള്‍ഫിലെ ആദ്യ ലോകകപ്പ് , 32 രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന അവസാന ലോകകപ്പ് , നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ആദ്യ ലോകകപ്പ് തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളുമായാണ് ഖത്തര്‍ ലോകകപ്പ് അരങ്ങേറുന്നത്.മലയാളികള്‍ ഏറെയുള്ള ഖത്തറിലെ ലോകകപ്പിനായി കേരളത്തില്‍ നിന്ന് പങ്കാളികളാകുന്നത് ആയിരക്കണക്കിന് ആളുകളാണ്.മലയാളി പങ്കാളിത്തം കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലോകകപ്പും ഖത്തര്‍ 2022 തന്നെ.ഇ എ സ്‌പോര്‍ട്‌സ് ഫിഫ 23 യുടെ പ്രവചനം അനുസരിച്ച് ഖത്തര്‍ ലോകകപ്പ് കിരീടം ലയണല്‍ മെസിയുടെ അര്‍ജന്റീന സ്വന്തമാക്കുമെന്ന് പറയുന്നു. മുന്‍ സീസണുകളിലെ ഫിഫ ലോകകപ്പ് കിരീടം ആര്‍ക്കെന്ന ഇ എ സ്‌പോര്‍ട്‌സിന്റെ പ്രവചനം അച്ചട്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.2019 നുശേഷം തോല്‍വി അറിയാതെ മുന്നേറുന്ന ടീമാണ് അര്‍ജന്റീന. ഇതിനിടെ 2021 കോപ്പ അമേരിക്ക ട്രോഫിയും 2022 കോണ്‍കാകാഫ് - യുവേഫ കോണ്ടിനെന്റല്‍ കപ്പും അര്‍ജന്റീന ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കുകയും ചെയ്തു.

ലോക പോരാട്ട വേദിയില്‍ തന്റെ അവസാന ചാമ്പ്യന്‍ഷിപ്പ് ആണ് ഇതെന്ന പ്രഖ്യാപനവും മെസിയുടെ ഭാഗത്ത് നിന്ന് വന്ന് കഴിഞ്ഞ സാഹചര്യത്തിൽ മറ്റ് ടീമുകളുടെ ആരാധകർ പോലും കാത്തിരിക്കുന്നത് മെസിയുടെ അവസാന പ്രകടനം കാണാനാണ്.

ഡിസംബര്‍ 18 ന് ആണ് ലോകകപ്പ് ഫൈനല്‍. ഓരോ ലോകകപ്പ് പോരാട്ടത്തിലും എന്തും സംഭവിക്കാം. എല്ലാ മത്സരങ്ങളും കടുപ്പമേറിയത് തന്നെയാണ്. അതിനായുള്ള ആവേശമേറിയ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.