യുകെയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നു. വാർത്തകൾ പുറത്ത് വന്നതോടെ ആരാണ് ഋഷി സുനക് എന്നതായി എല്ലാവരുടെയും ചർച്ച. ആരാണ് ഋഷി സുനക്? നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ പിതാവിന്റെയും ഫാർമസിസ്റ്റായ അമ്മയുടെയും മകനായി യു.കെയിലെ സൗത്ത്ഹാംപ്ടണിൽ ജനിച്ചു. സുനക്കിന്റെ പൂർവ്വികർ പഞ്ചാബിൽ നിന്നുള്ളവരാണ്. 

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്ന് ബിരുദം കരസ്ഥമാക്കി. 2009ൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം ചെയ്തു.  യോർക്ക്‌ഷെയറിലെ റിച്ച്മണ്ടിൽ നിന്ന് 2015ൽ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിൽ കാബിനറ്റ് പോസ്റ്റായ എക്സ്ചിക്കറിന്റെ ചാൻസലറായി നിയമിതനായി.  കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസിനും ജീവനക്കാർക്കും ഋഷി അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 

 കുടുംബങ്ങൾക്ക് മതിയായ ജീവിതച്ചെലവ് നൽകാത്തതിന് വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്.  യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചെങ്കിലും, ഋഷി സുനക്കിനെ തോൽപ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. എന്നാൽ വെറും 45 ദിസങ്ങൾക്ക് ശേഷം രാജിവെച്ച് ലിസ്ട്രസ് പുറത്ത് പോയതോടെ പ്രധാനമന്ത്രിയായി ഋഷി സുനക് തന്നെ അധികാരത്തിലെത്തി. 

യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനാണ് ഇദ്ദേഹം. ഭാര്യ അക്ഷതാ മൂർത്തിയുടേതടക്കം ഋഷി സുനക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.