അറിവിലേക്കുള്ള ആരംഭം എന്നർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. പരമ്പരാഗതമായി കുട്ടികളുടെ നാവിൽ തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് 'ഹരിശ്രീ' എന്ന് ഗുരു/ആചാര്യന്മാർ എഴുതുന്നതിന് പിന്നിൽ തത്വത്തിൽ ഒരു നിശബ്ദ പ്രാർത്ഥനയും ഉൾപ്പെടുന്നു - 'ഈ കുട്ടി പറയുന്നതെന്തും സ്വർണ്ണം പോലെ വിലമതിക്കട്ടെ' എന്നാണ് അത് അർത്ഥമാക്കുന്നത്. കുട്ടിക്ക് അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാൻ വിദ്യാദേവതയുടെ കൃപയേയും ഇത് വിളിച്ചോതുന്നു. 

വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകളായി കേരളത്തിലുണ്ട്. കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത് 'ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു' എന്ന് അവരുടെ നാവിൽ സ്വർണ്ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട്, എഴുതിക്കൊണ്ടാണ്. അക്ഷരമാലാക്രമത്തിൽ വ്യഞ്ജനാക്ഷരങ്ങൾ ഉൾക്കൊള്ളുന്ന സ്വരാക്ഷരങ്ങളും ശ്രീതത്വം (ഐശ്വര്യം) നൽകുന്ന ദേവതയെ നമ്മുക്ക് നമിക്കാം എന്നാണ് മന്ത്രത്തിന്റെ മറ്റൊരു അർത്ഥം വ്യാഖ്യാനിക്കുന്നത്.

നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തിൽ കുറിക്കുന്ന 'ഓം ഹരി ശ്രീ ഗണപതയേ നമഃ' എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആചാര്യന്മാർ ഈ മന്ത്രത്തെ ഇങ്ങനെ വിശദീകരിക്കുന്നു. ആദ്യത്തേത് - ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ദേവതയെ പ്രതിനിധീകരിക്കുന്നു. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം എന്നത് പരാശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെ സൂചിപ്പിക്കുന്നു