മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ് ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. ജൂതപള്ളി കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്.പരദേശി സിനഗോഗെന്നും അറിയപ്പെടുന്ന ഈ ജൂതപ്പള്ളി 1568 ലാണ് പണി കഴിപ്പിച്ചത് ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി പണികഴിപ്പിച്ചത് A.D നാലാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ ആയിരുന്നു. ആ കാലഘട്ടത്തിൽ ജൂതന്മാർ തെക്കെ ഇന്ത്യൻ മേഖലയിലെ കേരളത്തിലെ മലബാർ തീരത്ത് ഉടനീളം വാണിജ്യ രംഗത്ത് നല്ലൊരു സ്ഥാനം വഹിച്ചിരുന്നു.


  A.D പതിനാലാം നൂറ്റാണ്ടിൽ അവർ കൊച്ചിയിലേക്ക് മാറി താമസിക്കുകയും അവിടെ ഒരു പുതിയ സിനഗോഗ് പണിയുകയും ചെയ്തു. ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. 

കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്‌സ്ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 

1000-ആമാണ്ടിലെ ഭാസ്‌കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ. ജൂതപ്പള്ളി വെളുത്ത ജൂതന്മാർ അല്ലെങ്കിൽ പരദേശി ജൂതന്മാർ എന്നറിയപ്പെടുന്ന ഒരു വിഭാഗം ജൂതന്മാരുടെ ഉടമസ്ഥതയിലാണ്. പരദേശി എന്ന പേരിന് മറ്റു ഇന്ത്യൻ ഭാഷകളിലെ പോലെ തന്നെ വിദേശി എന്നുതന്നെയാണ് മലയാളത്തിലും അർത്ഥം. 

16-ാം നൂറ്റാണ്ടിൽ സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള യൂറോപ്യൻ ജൂതന്മാർ അഭയം തേടി കൊച്ചിയിലെത്തി. അവർ പരദേശി ജൂതന്മാർ അല്ലെങ്കിൽ വെള്ള ജൂതന്മാർ എന്ന് അറിയപ്പെടാൻ തുടങ്ങി. ഇവിടുത്തെ ജൂതരിൽ രണ്ടു വിഭാഗമാണുള്ളത്. പരദേശികളും മലബാറികളും. 


ഈ വിഭജനം ജാതിയുടെ ശുദ്ധതയെപ്പറ്റിയുള്ള വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. പരദേശി ജൂതന്മാർ തങ്ങളുടെതാണ് കലർപ്പില്ലാത്ത രക്തം എന്നു വിശ്വസിച്ചു. സമുദായത്തിൻറെ പുറത്തുനിന്നും അവർ വിവാഹബന്ധങ്ങൾ അനുവദിച്ചിരുന്നില്ല . ജ്യൂ ടൌണിൽ മൂന്നു ജൂത പള്ളികളുണ്ടെന്ന് ചരിത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നു. 1948-ൽ ഇസ്രായേൽ രൂപം കൊണ്ടപ്പോൾ ജ്യൂ ടൌണിലെ മിക്കവാറും ജൂതന്മാർ ഇസ്രായേലിലേയ്ക്ക് കുടിയേറിപ്പാർത്തു. ഒരു ജൂതപ്പള്ളിയിലെ ആചാരാനുഷ്ഠാനുങ്ങൾക്ക് പത്തുപേരിൽ കുറയാതെ വേണമെന്നതിനാൽ വളരെ സജീവമായിരുന്ന പരദേശി ജൂതപ്പള്ളി ഇപ്പോൾ ആരാധനാലയം എന്ന നിലയിൽ പ്രവർത്തനരഹിതമാണ്. 

എന്നാലും ഇപ്പോൾ  ഇവിടെ അവശേഷിക്കുന്ന ജൂതന്മാർ ഈ പള്ളിയിൽ പതിവായി പോകുന്നു. മാത്രവുമല്ല, വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണകേന്ദ്രമായും  ഇവിടം മാറിയിട്ടുണ്ട്.