തിരക്കിന് പിന്നാലെ ചൂടും പൊടിപടലവുമായി ഓടുന്ന നഗരത്തിന് മധ്യത്തിലെ മരുപച്ച, അതാണ്‌ മംഗളവനമെന്ന പക്ഷിസങ്കേതം.കൊച്ചിയുടെ ശ്വാസകോശമെന്ന പേര് അന്വർത്ഥമാക്കുന്നത് ആ മരുപച്ചയോട് അടുക്കുമ്പോൾ തന്നെ വന്ന് തൊടുന്ന ഇളംകാറ്റാണ്. തട്ടേക്കാട് കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമത്തെ പക്ഷി സങ്കേതം. ഇതുപോലെ നഗരമധ്യത്തിൽ കണ്ടൽ നിറഞ്ഞൊരു പക്ഷി സങ്കേതം സംസ്ഥാനത്തു വേറെയില്ല.

 1981 വരെ വനംവകുപ്പിന്റെ തടി ഡിപ്പോയായിരുന്നു ഇവിടം. ഫെറികളിലൂടെ എത്തിച്ചിരുന്ന തടികൾ സൂക്ഷിച്ചിരുന്ന സ്ഥലം. ട്രെയിൻ വഴിയെത്തുന്ന ചരക്കുകൾ ജലപാതയിലൂടെ പല സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നതും ഇവിടം കേന്ദ്രീകരിച്ചായിരുന്നു.വേമ്പനാട്ടു കായലിന്റെ ഒരു കൈവഴി ഈ പ്രദേശത്തിനുള്ളിലൂടെ കടന്നു പോകുന്നു എന്നതായിരുന്നു ഇതിന് അനുകൂല ഘടകം.


അങ്ങനെ മരങ്ങളുടെ ശവപറമ്പായിരുന്ന ഭൂമിയിലാണു പിന്നീടു കണ്ടലും മരങ്ങളും നിറഞ്ഞ സ്വാഭാവിക വനം കരുത്തോടെ പച്ചപിടിച്ചത്. കായലിൽ നിന്നു വേലിയറ്റത്തിനും വേലിയിറക്കത്തിനുമനുസരിച്ച് ഉപ്പുവെള്ളം കയറിയിറങ്ങുന്ന ഭൂമിയായതിനാലാണ് അതിന് അനുയോജ്യമായ രീതിയിലുള്ള കണ്ടലുകൾ പുഷ്ടിയോടെ വളർന്നു പിടിച്ചത്.

2004 ഓഗസ്റ്റ് 31നാണു ജില്ലയിൽ തട്ടേക്കാടിനു ശേഷമുള്ള രണ്ടാമത്തെ പക്ഷി സങ്കേതമായി മംഗളവനത്തെ പ്രഖ്യാപിച്ചത്.ആകെയുള്ള 6.77 ഏക്കർ ഭൂമിയിൽ രണ്ടേക്കറോളമാണു മരങ്ങൾ വളരുന്ന കരഭൂമി. ബാക്കി കണ്ടൽനിറഞ്ഞ ചതുപ്പും കായലിന്റെ കൈവഴിയുമാണ്. 





 200 മീറ്ററോളം നീളുന്നതാണു വനത്തിനുള്ളിലെ ജലാശയം. ചിലയിടങ്ങളിൽ ഇതിന് 50 മീറ്ററോളം വീതിയുണ്ട്


.വനം വകുപ്പിനു കീഴിലുള്ള ഈ നഗരവനത്തിന് അവധിയില്ല. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ സന്ദർശകർക്കു പ്രവേശനം സൗജന്യം. 



പച്ചപ്പിന്റെ തണൽ പറ്റി, ശാന്തമായി ശുദ്ധവായു ശ്വസിച്ച്, പലവിധ പക്ഷികളെയും ചിത്രശലഭങ്ങളെയും കണ്ടാസ്വാദിച്ചു പ്രകൃതിയിലലിഞ്ഞിരിക്കാം.