ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയിൽ ഇന്ന് ദീപാവലി

ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയാണ് ദീപാവലി. സൂര്യൻ തുലാരാശിയിൽ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തിൽ ദീപാവലി ആഘോഷിക്കുന്നു. എന്നാൽ കാശി പഞ്ചാംഗ പ്രകാരം കൃഷ്ണപക്ഷത്തിലെ അമാവാസി നാളിലാണ് ദീപാവലി. ലക്ഷ്മീ പൂജയും ഇതേ ദിവസമാണ്. അമാവാസി രണ്ട് ദിവസമുണ്ടെങ്കിൽ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. 

ചില പഞ്ചാംഗങ്ങളനുസരിച്ച് കൃഷ്ണപക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യൻ തുലാരാശിയിലെത്തുമ്പോൾ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളിൽ പറയുന്നു. ദീപാവലി ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങൾ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയിൽ അഞ്ച് നാൾ നീണ്ടു നിൽക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാൽ ദക്ഷിണേന്ത്യയിൽ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. 

ബംഗാളിൽ പിതൃദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ ഭൂമിയിലെത്തുന്ന പിതൃക്കൾക്ക് വഴികാട്ടാനായി വലിയ ദണ്ഡുകൾ ഉയർത്തിവെച്ച് അതിനു മുകളിൽ ദീപം കത്തിച്ചുവെച്ചാണ് ഇവരുടെ ആഘോഷം. ഇതിനായി പ്രത്യേക പൂജകളും നടത്താറുണ്ട്.പ്രാർത്ഥനകളാൽ നിർഭരമായ ആഘോഷ ദിവസമാണ് ദീപാവലി. ഏവർക്കും അറിവ് സ്റ്റോറീസിന്റെ ദീപാവലി ആശംസകൾ.