ഫോട്ടോ കടപ്പാട് : www.pexels.com
 ആതുരസേവന രംഗത്തെ ഒഴിച്ച് കൂടാനാവാത്ത വിഭാഗം; ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം

കൊറോണ മഹാമാരിയുടെ കാലത്ത് ഏറ്റവും ആദരിക്കുന്ന വിഭാഗമാണ് ആരോഗ്യപ്രവർത്തകർ. നമ്മളെ സംബന്ധിച്ച് ഡോക്ടർ, നേഴ്‌സ് എന്നിവർ മാത്രമാണ് മുന്നണി പോരാളികൾ. എന്നാൽ ആതുരസേവന രംഗത്ത് അവഗണിക്കപ്പെടുന്ന വിഭാഗമാണ് ഫാർമസിസ്റ്റുകൾ. വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടർക്കും നേഴ്‌സിനുമുളള അതേ പ്രാധാന്യമാണ് ഫാർമസിസ്റ്റുകൾക്കുമുളളത്. ഫാർമസിസ്റ്റുകളുടെ സേവനത്തിന്റെ അനിവാര്യതയും മഹത്വവും ജനങ്ങളെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക ഫാർമസിസ്റ്റ് ദിനം. എല്ലാ വർഷവും സെപ്തംബർ 25 ആണ് ലോക ഫാർമസി ദിനമായി ആചരിക്കുന്നത്.

ലോകത്ത് 40 ലക്ഷത്തോളം രജിസ്‌ട്രേഡ് ഫാർമിസിസ്റ്റുകൾ ഉണ്ടെന്നാണ് കണക്ക്. മരുന്നിന്റെ ഗവേഷണം മുതൽ അത് ജനങ്ങളിൽ എത്തിക്കുന്നത് വരെ ഫാർമസിസ്റ്റിന്റെ സേവനം അനിവാര്യമാണ്. രോഗികൾക്ക് ശരിയായ മരുന്ന് യാതോരു ദൂഷ്യവുമില്ലാതെ നൽകേണ്ട ഉത്തരവാദിത്വമാണ് ഫാർമസിസ്റ്റുകളുടേത്.

1948ലെ ഫാർമസി നിയമപ്രകാരം ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്ന് നൽകിയാൽ ആറ് മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. രജിസ്‌ട്രേഡ് ഫാർമസിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ മറ്റുളളവർക്ക് മരുന്ന് നൽകാനാവൂ. എല്ലാ മരുന്നു കടകളിലും ഒരു ഫാർമസിസ്റ്റ് നിർബന്ധമായും വേണം. കൊറോണ പ്രതിരോധത്തിൽ ഫാർമസിസ്റ്റുകളെ പിന്നണിയിലെ പോരാളികളായാണ് ആരോഗ്യമേഖല പരിഗണിക്കുന്നതെങ്കിലും അവരും മുൻനിരയിൽ തന്നെ നിൽക്കേണ്ടണ്ടവരാണ്.