ഒരു ജീവനും നിസ്സാരമായി വിട്ട് കളയരുത്: ചിന്തിക്കാൻ ഒരു ആത്മഹത്യ പ്രതിരോധ ദിനം കൂടി

ലോകമെമ്പാടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കേരളത്തിലും ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ കുറവല്ല. കുട്ടികളിലും യുവാക്കളിലുമാണ് ഈ പ്രവണത കൂടുതലായി കണ്ട് വരുന്നത് എന്നതാണ് ദുഃഖകരമായ വിഷയം. അനാവശ്യമായ കാരണങ്ങളാൽ ജീവനൊടുക്കാൻ ശ്രമിക്കുന്നവർക്ക് ഒന്ന് കൂടി ചിന്തിക്കാൻ ഒരു ആത്മഹത്യ പ്രതിരോധ ദിനം കൂടി വന്ന് ചേരുകയാണ്.

2020നേക്കാള്‍ 2.9 ശതമാനത്തിന്‍റെ വര്‍ധനവാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 9549 പേരാണ് 2021ൽ മാത്രം കേരളത്തിൽ ജീവനൊടുക്കിയത് എന്നതാണ് ഞെട്ടിക്കുന്ന വിവരം. 2018ൽ‍ 8320 ആയിരുന്നു ആത്മഹത്യാ കേസുകൾ എങ്കിൽ‍ 2019ൽ ഇത് 8585 ആയി ഉയർന്നു. 2020ൽ 8480 ആയെങ്കിലും 2021 ആയപ്പോൾ 9549 ആയി വർധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്‍റെ വര്‍ധനവ്‌. 45 വയസില്‍ താഴെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും. 47.7 ശതമാനം ആത്മഹത്യകളുടെയും കാരണം കുടുംബ പ്രശ്നങ്ങളാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം കേരളത്തിലാണ്- കൊല്ലം. 43.9 ആണ് കൊല്ലത്തിന്‍റെ ആത്മഹത്യാ നിരക്ക്. ഇത് രാജ്യ ശരാശരിയേക്കാൾ കൂടുതലാണ്.

കുട്ടികളിലെ ആത്മഹത്യാ വര്‍ധനവാണ് സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇക്കാലയളവിൽ കുട്ടികളുടെ ആത്മഹത്യാ നിരക്കിലും വർധനയുണ്ട്. 2019ൽ 230 കുട്ടികൾ ആത്മഹത്യ ചെയ്തെങ്കിൽ 2020ൽ 311 ആയി വർധിച്ചു. 2021ൽ 345 പേരായി വീണ്ടും വർധിച്ചപ്പോൾ 2022 ജൂലൈ വരെ 30 കുട്ടികളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് ജീവനൊടുക്കിയത്. ബോധവത്കരണവും കൃത്യമായ ശ്രദ്ധയും മാത്രമാണ് ആത്മഹത്യകൾ ഒഴിവാക്കാനുള്ള ഏക മാർഗം.