ഭൂമിയെ കാക്കുന്ന പാളിയെ അനുസ്മരിക്കാൻ ഒരു ദിനം- ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം
ഒരു വാതകകുടയായി നിന്ന് ഭൂമിയെ കാക്കുന്ന പാളിയെ കുറിച്ച് അനുസ്മരിക്കാൻ ഒരു ദിനം. ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം. ഹാനീകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോണ്‍ എന്ന ഈ രക്ഷാകവചം. സമാനതകളില്ലാത്ത ഭീക്ഷണിയാണ് ഓസോൺ പാളി ഇന്ന് നേരിടുന്നത്. ഭൂമിയുടെ അതിജീവനത്തിന്റെ കാലത്ത് അവിഭാജ്യ ഘടകമാണ് ഈ ഓസോൺ പാളി.
ലളിതമായി പറഞ്ഞാല്‍ ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണ് ഓസോണ്‍. ഭൂമിയില്‍നിന്ന് 20 മുതല്‍ 35 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള വാതകപാളിയാണിത്. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ തന്മാത്ര (O3) ഉണ്ടാകുന്നത്. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോണ്‍ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്.
സൂര്യനില്‍നിന്നു ജീവികള്‍ക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികള്‍ പുറപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനം അള്‍ട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികള്‍ പൂര്‍ണതോതില്‍ ഭൂമിയിലെത്തിയാല്‍ ജീവികളില്‍ മാരകരോഗങ്ങള്‍ക്കു കാരണമാകും. ഈ അപകടകാരികളായ രശ്മികളെ ഭൂമിയില്‍ പതിക്കാതെ വളരെ ഉയരത്തില്‍വച്ചുതന്നെ തടയുകയാണ് ഓസോണ്‍പാളി ചെയ്യുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.
ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തു.1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒപ്പുവെച്ച മോണ്‍ട്രിയല്‍ ഉടമ്പടിയിൽ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്.
0 Comments