ഒരു വ്യക്തി ആശയവിനിമയത്തില്‍ ഏര്‍പ്പെടുമ്പോള്‍ വെറും 7 ശതമാനം വാക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 55 ശതമാനം ആശയവിനിമയവും ശരീര ഭാഷയിലൂടേയും, കണ്ണുകളില്‍ വിരിയുന്ന ഭാവങ്ങളിലൂടേയും നടത്തപ്പെടും. 38 ശതമാനം ആശയവിനിമയം ശബ്ദത്തിന്റെ വേഗത, പിച്ച്, ധ്വനി, ഭാവം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു വ്യക്തിയുടെ ആശയവിനിമയത്തിന്റെ 93 ശതമാനവും വാചികമല്ല എന്നതാണ് ലോകപ്രശസ്ത മന:ശാസ്ത്രജ്ഞനായ ആൽബര്‍ട്ട് മെഹ്‌റാബിയന്റെ കണ്ടെത്തൽ. അത് സത്യമാണെന്ന് ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും.
മൗനമായിരിക്കുമ്പോഴും കൈകളുടെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ നമ്മുടെ മാനസികാവസ്ഥയെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. കൈകളുടെ വിവിധ തരത്തിലുള്ള ചലനങ്ങളെ സംസ്‌കൃതത്തി 'ഹസ്തമുദ്ര' എന്ന്പറയുന്നു.കേരളത്തിന്റെ തനതു കലാരൂപങ്ങളാണ് കഥകളി, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ. കഥകളിയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. പശ്ചാത്തലത്തില്‍ ഭാഗവതര്‍ ആലപിക്കുന്ന പദങ്ങള്‍ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടന്മാര്‍ അഭിനയിച്ചാണ് കഥകളിയില്‍ കഥ പറയുന്നത്. കൂടിയാട്ടത്തിലും, ഓട്ടന്‍ തുള്ളലിലും കഥാപാത്രങ്ങള്‍ ഹസ്തമുദ്രകളുടെ സേവനം നിര്‍ല്ലോഭമായി ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ ജീവിതമെന്ന രംഗവേദിയില്‍ അഭിനയിക്കാന്‍ ആംഗ്യഭാഷയെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹം നമുക്ക്ചുറ്റുമുണ്ട്. അവർക്ക് വേണ്ടിയാണ് ആംഗ്യഭാഷ ദിനം ആചരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുപ്രകാരം ലോകത്തില്‍ ഏകദേശം 46 കോടി ജനങ്ങള്‍ ഭാഗികമായോ, പൂര്‍ണ്ണമായോ ശ്രവണവൈകല്യമുള്ളവരാണ്. ഇതിൽ 43 കോടി പ്രായപൂര്‍ത്തിയായ വരും, 3 കോടി കുട്ടികളുമാണ്. ഭാരതത്തില്‍ ഏകദേശം 6 കോടിജനങ്ങള്‍ ശ്രവണ വൈകല്യ ബാധിതരാണ്. 15-ാം നൂറ്റാണ്ടില്‍ സ്പാനിഷ് പുരോഹിതനായ പെഡ്രോ പോന്‍സി ഡി ലിയോണ്‍ ശ്രവണ വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ അടിസ്ഥാന മുദ്രകളെ ഉപയോഗിച്ചു. അദ്ദേഹമാണ് ശ്രവണ വൈകല്യ ബാധിതരുടെ ആദ്യത്തെ അധ്യാപകനായി അറിയപ്പെടുന്ന മഹാന്‍.
ഏകദേശം 135-ല്‍ പരം ആംഗ്യ ഭാഷകള്‍ ഇന്ന് ലോകത്തി നിലവിലുണ്ട്. എന്നാ ലോകത്താകമാനം ഏവരും ഉപയോഗിക്കുന്ന പൊതുവായ ഒരാംഗ്യഭാഷ ഇല്ലെന്നതാണ് വാസ്തവം. ഒരേ വസ്തുതകള്‍ തന്നെ സൂചിപ്പിക്കാന്‍ വ്യത്യസ്തങ്ങളായ ആംഗ്യങ്ങളാണ് ഓരോ രാജ്യങ്ങളിലെയും ആംഗ്യഭാഷകള്‍ സ്വീകരിക്കുന്നത്. ആധുനിക ഭാഷകള്‍ പോലെ ആംഗ്യ ഭാഷയ്ക്കും അതിന്റേതായ താളം, ഉച്ചാരണ ഭേദം, വ്യാകരണം, വാക്കുകളുടെ ക്രമം എന്നിവയെല്ലാമുണ്ട്. മറ്റു ഭാഷകള്‍ പോലെ ആംഗ്യ ഭാഷയും എല്ലാ അർത്ഥത്തിലും പൂർണമാണ്.
0 Comments