മലയാളികളുടെ ദേശീയോത്സവമാണ് ഓണം. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നതാണ് ഐതിഹ്യം. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അല്ലെങ്കിൽ വ്യാപാരോത്സവമായും ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് പ്രധാനമായും ഓണം ആഘോഷിക്കുന്നത്.

ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായിരുന്ന മഹാബലിയുടെ ഗ‍ർവ്വ് മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. ഏവർക്കും അറിവ് സ്റ്റോറീസിന്റെ തിരുവോണാശംസകൾ.