കേരളീയസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേയും ജാതീയമായ വേർതിരിവുകൾക്കെതിരേയും ശബ്ദമുയർത്തിയ യുഗ പുരുഷനാണ് ശ്രീനാരായണ ഗുരു. ഗുരുവിന്റെ ജന്മദിനമാണ് ചതയമായി ആഘോഷിക്കുന്നത്.

അവർണവിഭാഗക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ ആരാധന നടത്താനോ, ക്ഷേത്രത്തിനടുത്തുള്ള പൊതുവഴിയിലൂടെ നടക്കാനോ അവകാശമുണ്ടായിരുന്നില്ല. വിഗ്രഹാരാധനയുടെയും പ്രതിഷ്ഠയുടെയും മേൽജാതിക്കുത്തക തകർക്കുന്ന തരത്തിൽ വിഗ്രഹപ്രതിഷ്ഠകൾ ഗുരു നടത്തി. വിഗ്രഹത്തിനുപകരം പിന്നീട് കണ്ണാടികളും കെടാവിളക്കുകളും പ്രതിഷ്ഠിച്ചു. ദേവാലയങ്ങളെക്കാൾ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.

വിവിധ ഗുരുക്കന്മാരുടെ കീഴിൽ മലയാളം, തമിഴ്, സംസ്കൃതം ഭാഷകളിൽ അറിവുനേടി. തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയവയെല്ലാം അദ്ദേഹം അഭ്യസിച്ചു. തിരികെ ഗ്രാമത്തിലെത്തിയ അദ്ദേഹം കുടിപ്പള്ളിക്കൂടം കെട്ടി, കുട്ടികളെ പഠിപ്പിച്ചു. 1888ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി.

ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്'

എന്ന വരികൾ ഈ ക്ഷേത്രത്തിൽ ആലേഖനംചെയ്തു. ശ്രീനാരായണ ഗുരു വിവിധസ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ശ്രീനാരായണീയ ചിന്തകൾ അനുസ്മരിച്ച് പ്രവർത്തിക്കാൻ ഏവർക്കും ചതയദിനാശംസകൾ