ഭൂമിയിലെ ഏറ്റവും വേഗമുള്ള ജീവി ചീറ്റപ്പുലിയാണെന്ന് അറിയാമല്ലോ. 70 വർഷങ്ങൾ പിന്നിടുമ്പോൾ ഇവയെ മടക്കിയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്തുകയാണ്. ലോകത്ത് ആദ്യമായി ആഫ്രിക്കന്‍ ചീറ്റയെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്ന ആദ്യത്തെ സംഭവമാണിത്.

ഒരുകാലത്തു നമ്മുടെ നാട്ടില്‍ ഏറെ ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു ചീറ്റ. മുഖ്യമായും രണ്ടിനം ചീറ്റകള്‍ ആണ് ലോകത്ത് ഉള്ളത്. ആഫ്രിക്കന്‍ പിന്നെ ഏഷ്യന്‍. ഇതില്‍ ഏഷ്യന്‍ വിഭാഗമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.ബ്രിട്ടീഷ് ഭരണകാലത്താണ് ചീറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് എന്ന് പറയപ്പെടുന്നു. മനുഷ്യസാമീപ്യമുള്ള സ്ഥലങ്ങളിലേക്കെത്തുന്നു എന്ന കാരണം പറഞ്ഞ് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇവയെ കൊന്നത്. ഇതോടൊപ്പം ആവാസസ്ഥലങ്ങളുടെ നശീകരണവും കൃഷ്ണമൃഗം, കലമാന്‍, ചെവിയന്‍ തുടങ്ങിയ ഇരകളുടെ വംശനാശവും ചീറ്റയുടെ നിലനില്‍പ്പിനെ ബാധിച്ചു. 1947ല്‍ ഇന്നത്തെ ഛത്തീസ്ഗഢില്‍പ്പെടുന്ന ഒരു നാട്ടുരാജ്യത്തെ രാജാവായ മഹാരാജ രാമാനുജ് പ്രതാപ് സിങ് ഇന്ത്യയില്‍ ശേഷിച്ച അവസാനത്തെ മൂന്നു ചീറ്റപ്പുലികളെ വെടിവെച്ചുകൊന്നു. അതോടെ ചീറ്റ ഭാരതത്തില്‍ വംശമറ്റതായി. 1952ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍പ്രഖ്യാപിച്ചു.

കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ മാർജ്ജാരവംശത്തിൽപെട്ട ചീറ്റപ്പുലി. നായ്ക്കളെയെന്ന പോലെ മൃഗങ്ങളെ വേട്ടയാടുന്നതിനായി പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുന്നതിനാൽ ഇതിനെ വേട്ടപ്പുലി എന്നും വിളിക്കുന്നു. 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കുന്നു. മാർജ്ജാരവംശത്തിൽ കാണപ്പെടുന്ന ഇടത്തരം മൃഗമാണ്‌ ചീറ്റപ്പുലികൾ. ചീറ്റപ്പുലികളെ സാധാരണ പുലികളിൽ നിന്ന് തിരിച്ചറിയാൻ എളുപ്പം സാധിക്കും. ഉടലും കൈകാലുകളും വാലും മറ്റുള്ളവയെ അപേക്ഷിച്ച്‌ നീളം കൂടിയവയാണ്‌. മഞ്ഞനിറമുള്ള ഉടലിൽ കറുത്ത കുത്തുകളാവും ഉണ്ടാവുക. സാധാരണ പുലികളുടെ അടയാളങ്ങൾ ചന്ദ്രക്കല പോലെ ആയിരിക്കും. മേൽച്ചുണ്ടിൽ തുടങ്ങി കണ്ണിന്റെ മുകളിൽ അവസാനിക്കുന്ന കറുത്ത പാട്‌ ചീറ്റപ്പുലികളുടെ പ്രത്യേകതയാണ്‌.

 മാർജ്ജാരകുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ നഖങ്ങൾ പൂർണ്ണമായി പാദത്തിലേക്ക്‌ വലിച്ചെടുക്കാൻ ചീറ്റപ്പുലിക്കു കഴിവില്ല. അതുപോലെ തന്നെ അലറാനും ചീറ്റപ്പുലികൾക്ക്‌ കഴിവില്ല. ചീറ്റപ്പുലികൾ പൂച്ചകൾ കുറുകുന്നതുപോലെ കുറുകത്തേയുള്ളു. പുറത്ത്‌ നിൽക്കുന്ന നഖങ്ങൾ ചീറ്റകൾക്ക്‌ അതിവേഗത്തിലോടുമ്പോൾ നിലത്തു പിടുത്തം കിട്ടുവാനും, വളരെ ഉയർന്ന പ്രതലത്തിൽ പിടിത്തം കിട്ടാനും സഹായിക്കുന്നു. അതിവേഗത്തിൽ ഓടുമ്പോൾ ഒരു ചുവടിൽ 8 മീറ്റർ വരെ ദൂരം കടന്നു പോകുവാൻ ഇവക്കു കഴിയുന്നു. വഴക്കമുള്ള നട്ടെല്ലും, വലിപ്പമേറിയതും ശക്തിയേറിയതുമായ ശ്വാസകോശങ്ങളും, ഹൃദയവും, കൂടുതൽ രക്തം ഒരുസമയം ശുദ്ധീകരിക്കാൻ ശേഷിയുള്ള കരളും, ബലമേറിയതും നീണ്ടതുമായ പേശികളും ചീറ്റയെ ഓട്ടത്തിൽ ഏറെ സഹായിക്കുന്നു.

 പൂർണ്ണവളർച്ചയെത്തുമ്പോൾ ഏകദേശം 65 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ചീറ്റപ്പുലികൾക്ക്‌ 1.35 മീറ്റർ വരെ നീളമുണ്ടാകും. വാലിനും 85 സെന്റിമീറ്ററോളം നീളമുണ്ടാകും. ആൺപുലികൾക്ക്‌ പെൺപുലികളേക്കാൾ അൽപ്പം വലിപ്പക്കൂടുതലുണ്ടാകുമെങ്കിലും ഒറ്റക്കൊറ്റക്കു കാണുമ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്ത്യയിൽ ഇന്ന് കേവലം 8 ചീറ്റപ്പുലികൾ മാത്രമേയുള്ളൂ. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏതാനം ആയിരവും, രണ്ടിടത്തും കുറഞ്ഞുവരുന്നതായാണ്‌ പൊതുവേ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

 പുൽമേടുകളും, ചെറുകുന്നിൻപ്രദേശങ്ങളും, കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ചീറ്റകൾ പകലാണ്‌ ഇരതേടാനിറങ്ങുന്നത്‌. ജനിച്ചുവീണ പ്രദേശം ഇഷ്ടപ്പെടുന്ന ചീറ്റപ്പുലികൾ അവിടുന്നു പറിച്ചുമാറ്റപ്പെട്ടാൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്‌.