ഫോട്ടോ കടപ്പാട് : www.pexels.com

ഒരു വ്യക്തിയുടെ ജീവിതത്തിൽ അവരുടെ കുടുംമ്പംഗങ്ങൾ വഹിക്കുന്ന അത്ര തന്നെ പ്രാധാന്യം അർഹിക്കുന്നവരാണ് അധ്യാപകർ. വിദ്യാ ധനം സർവ ധനാൽ പ്രധാനം എന്ന പഴമൊഴിക്ക് അർത്ഥം നൽകുന്നതും അധ്യാപകർ തന്നെയാണ്. അധ്യാപക - വിദ്യാർത്ഥി ബന്ധം പഴയകാലത്തേക്കാൾ മോശമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപകരെ സ്നേഹിക്കാനും പ്രിയപ്പെട്ട ഗുരുക്കന്മാരെ ഒരിക്കൽ കൂടി ഓർമിക്കാനും ഒരു അധ്യാപക ദിനം കൂടി ആചരിക്കുകയാണ്.

പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, ശിഷ്യരും സുഹൃത്തുക്കളും പിന്മാറാന്‍ തയ്യാറായില്ല. അവാസനം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. നിര്‍ബന്ധമാണെങ്കില്‍ സെപ്തംബര്‍ 5 തന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെയാണ് സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി തെരഞ്ഞെടുത്തത്.

അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെ ഓര്‍മ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമാണ് ഇന്ത്യ ഇന്ന് അധ്യാപക ദിനം ആഘോഷിക്കുന്നത്. അധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം.