ഫോട്ടോ കടപ്പാട് : www.wallpaperflare.com

 ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍... എന്നീ വിശേഷണങ്ങളെല്ലാം തിളങ്ങിയ പ്രതിഭയാണ് മൈക്കൾ ജാക്സൺ. 1958 ഓഗസ്റ്റ് 29 ന് എട്ടാമത്തെ കുട്ടിയായി ജനിച്ച മൈക്കള്‍, സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ 'ദ ജാക്സൺ 5' എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ ജോസഫിന്റെ ശിക്ഷണത്തില്‍ ജാക്‌സണ്‍ സഹോദരന്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച 'ജാക്‌സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പിലൂടെയാണ് കൊച്ചു മൈക്കൾ ജനശ്രദ്ധ ആകർഷിക്കുന്നത്.

ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌നറെ സംഭാവനകളാണ്. മൈക്കിള്‍ ജാക്സണ്‍ന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി, വർണ്ണ വിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു. പതുക്കെ അദ്ദേഹം സംഗീത ലോകത്തെ പ്രധാനിയായി മാറി.

അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ, ദശാബ്ദത്തിന്റെ കലാകാരൻ പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും ജാക്സൻറെത് മാത്രമായി. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കൾ ജാക്സൻ നേടിയെടുത്തു. 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജാക്സൺ ചിലവഴിച്ചിട്ടുണ്ട്.

പ്രശസ്തി മാത്രമായിരുന്നില്ല ജീവിതകാലത്തെ ജാക്സന്റെ കൈമുതൽ. നിരവധി ലൈംഗീകാരോപണങ്ങൾ, ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ എന്നിങ്ങനെ പല ആരോപണങ്ങളും ജാക്സനെ പിന്തുടർന്നു. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്‌രോഗത്തിന്റെ പ്രശ്‌നങ്ങളും ജാക്സനെ അലട്ടി. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് ജാക്സൻ മരിക്കുന്നത്. തലമുറകളെ നൃത്തം ചവിട്ടിച്ച പോപ്പ് രാജാവെന്ന പദവിയിലേക്ക് മൈക്കൾ ജാക്സണ് മറ്റ് പകരക്കാരില്ല.