ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു നാഗസാക്കി ആക്രമണം. 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്. അമേരിക്കയുടെ ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞതിനാൽ വൈമാനികർക്ക് ലക്ഷ്യം തെറ്റി. ഇതോടെ കൊക്കുറയുടെ ഭാഗ്യം നാഗസാക്കിയുടെ നിർഭാഗ്യമായി.

ജീവനോടെ ബാക്കിയായവര്‍ അനുഭവിച്ച വേദനയും യാതനയും കഠിനമായിരുന്നു. മൂന്നര ലക്ഷം പേര്‍ ഉള്ള നഗരത്തില്‍ മരിച്ചവരുടെ എണ്ണം ആ വര്‍ഷം അവസാനമായപ്പോഴേക്കും 140,000 ആയി. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നു.

നഗരത്തിന് നാലര മൈൽ ചുറ്റളവിലുള്ള സർവതും നശിച്ചു. ഹിരോഷിമയിൽ അറ്റോമിക് ബോംബ് വർഷിച്ചിട്ടും ജപ്പാൻ പിൻവാങ്ങാത്തതിനാലാണ് നാഗസാക്കിയിൽ അടുത്ത ആക്രമണം അമേരിക്ക നടത്തിയത്. ഇതിനെ തുടർന്ന് സെപ്റ്റംബർ രണ്ടിന് ജപ്പാൻ ഔദ്യോഗികമായി കീഴടങ്ങി. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിനും അവസാനമായി.