'വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിയുമായ് നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്', രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണിവ. 1947 ജൂലൈ നാലാം തീയതിയാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കപ്പെടുന്നത്. തേര്‍ഡ് ജൂണ്‍ പ്ലാന്‍ എന്നും മൗണ്ട് ബാറ്റണ്‍ പ്ലാന്‍ എന്നും അറിയപ്പെട്ടിരുന്ന പദ്ധതിയുടെ സാക്ഷാത്കാരമായിരുന്നു ഈ നിയമം. അതുപ്രകാരം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടായി വിഭജിച്ച്, തങ്ങളുടെ കോളനിക്ക് സ്വാതന്ത്ര്യം നല്‍കി.
1857 ല്‍ ആരംഭിച്ച ശിപായി ലഹള മുതല്‍ 1947 ലെ സ്വാതന്ത്ര്യം വരെ നീണ്ടു കിടക്കുന്ന സംഭവ ബഹുലമായ കഥകളാണ് നമ്മുടെ സ്വാതന്ത്ര്യ ചരിത്രം. 90 വര്‍ഷങ്ങളുടെ അടിമത്വത്തില്‍ നിന്നും പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന് നമ്മുടെ ജീവനോളം തന്നെ വിലയുണ്ട്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ആം വാർഷികമാണ് ഈ വർഷം. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. നിരവധി പ്രസ്ഥാനങ്ങളും നേതാക്കളും പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു.
ഓഗസ്റ്റ് 15ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേറെയും അഞ്ച് ലോകരാജ്യങ്ങളാണുള്ളത്. കൊറിയ, ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിക്റ്റൻസ്റ്റൈൻ,ബഹ്റിന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 14-ാം തിയ്യതിയാണ്.
0 Comments