Photo credit : www.freepik.com
 ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഈ ദിനം ആചരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമി(UNEP) -ന്റെ നേതൃത്വത്തിൽ 1973 മുതൽ എല്ലാവർഷവും ലോകമെമ്പാടും പരിസ്ഥിതി ദിനം ആചരിക്കന്നുണ്ട്. ഈ വർഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്. 

1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന 'ഹ്യുമൻ എൻവയോൺമെന്റ്' സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.  

ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ, 2030 -ഓടെ വാർഷിക ഹരിതഗൃഹ വാതക ഉദ്‌വമനം പകുതിയായി കുറയ്ക്കണം. 2040 -ഓടെ വായുമലിനീകരണം 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നുമാണ് കരുതുന്നത്. 

ഇതിന് എന്തെങ്കിലും തരത്തിൽ പരിഹാരം കാണണം എന്നതാണ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. പ്രകൃതിയുമായി ചേർന്നുനിന്ന് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അതിനായി ചെയ്യേണ്ടത്.