Photo credit : www.freepik.com
 
സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. രാജ്യത്തിന്റെ ഭാവി നിർണയിക്കേണ്ടവരാണ് കുട്ടികൾ. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 12 നാണ് ഈ ദിനം. 

അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആചരിച്ചു വരുന്നു. 

അപകടകരമായ തൊഴിലുകളിലൊന്നും 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തരുതെന്ന് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ വിലക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്.

2000 മുതലുള്ള കണക്കുകൾ അനുസരിച്ച് മൊത്തത്തിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 152 മില്യൺ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 72 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിനുളള ആഹ്വാനമാണ് ഓരോ ബാലവേല വിരുദ്ധ ദിനവും.