തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തുന്ന ദിനമാണ് മെയ് ദിനം. തൊഴിലിടത്തെ സുരക്ഷയും ആരോഗ്യവും എന്നതാണ് 2022ലെ തൊഴിലാളി ദിനത്തിന്റെ മുദ്രാവാക്യം. മുതലാളിത്തത്വത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ച് ചിക്കാഗോ സമര പോരാളികള്‍ തീര്‍ത്ത പോരാട്ടത്തിന്റെ ഓര്‍മ്മ പുതുക്കലാണ് മെയ് ഒന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനം. 

എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ പഠനവും വിനോദവും എന്നീ മുദ്രാവാക്യമുയര്‍ത്തി, അമേരിക്കയില്‍ ഉയര്‍ന്നു വന്ന തൊഴിലാളിവര്‍ഗ്ഗ പോരാട്ടം ലോക ഗതികളെ തന്നെ മാറ്റി മറിച്ചു.  1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവൻ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. സഹിക്കാനാവാതെ തൊഴിലാളികൾ യൂണിയനുകളായി സംഘടിച്ച് രാജ്യവ്യാപകമായി സമരത്തിനിറങ്ങി. ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്കിടയിലേക്ക് ആരോ ബോംബ് അറിഞ്ഞു. അന്ന് കുറേ തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ ആധരസൂചകമായി 1894 ൽ അന്നത്തെ പ്രസിഡന്റ് ക്ലീവ്‌ലൻഡ് മെയ് 1 തൊഴിലാളി ദിനമായും പൊതു അവധി ദിനമായും പ്രഖ്യാപിച്ചു. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, ജോലിസമയം എട്ടുമണിക്കൂർ ആക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.