ഇന്ത്യൻ സ്വാതന്ത്ര്യ സമര  ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായമായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13നാണ് ജാലിയൻവാലാബാഗില്‍ കൂട്ടക്കൊല നടന്നത്.

ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ മൈക്കള്‍ ഡയര്‍ ആണ് ക്രൂരമായ ഈ കൂട്ടക്കൊലക്ക് ഉത്തരവിട്ടത്.1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ‌് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി.  വാറണ്ട് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഗവണ്മെന്റിന് അധികാരം നൽകുന്നതായിരുന്നു റൗലറ്റ് നിയമം. റൗലറ്റ് നിയമത്തിനെതിരെ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ഇതോടെ ഇന്ത്യയൊട്ടാകെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. റൗലറ്റ് നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം തുടരും എന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ജനത തെരുവുകളിൽ പ്രതിഷേധിച്ചു.

 പഞ്ചാബിൽ  സമരങ്ങള്‍ പല തവണ അക്രമാസക്തമായി. പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്  1919 ഏപ്രിൽ 10ന്‌ അമൃത്സറിൽ ഹർത്താലാചരിച്ചു. അമൃത്സറിൽ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പൊലീസ് നിറയൊഴിച്ചു. ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു. അക്രമങ്ങളിൽ 5 ബ്രിട്ടിഷുകാരും പൊലീസ് വെടിവെപ്പിൽ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.ഏപ്രിൽ 11 ന്  മാർഷെല ഷേർവുഡ് എന്ന മിഷണറി പ്രവർത്തകയെ ജനക്കൂട്ടം ആക്രമിച്ചു. ഇതോടെ പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യണമെന്ന് ജനറൽ ഡയർ തീരുമാനിച്ചു.  ഏപ്രിൽ 13ന്‌ പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി. ഇതോടെ പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലുപേരിലധികം കൂട്ടംകൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്തില്‍ മറക്കാനാവാത്ത ആ ദിവസം, 1919 ഏപ്രിൽ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. 

റൗലറ്റ് ആക്ടിനെതിരായ പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികൾക്കെതിരെ അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പ്രതിഷേധിക്കാൻ പൊതുയോഗം സംഘടിപ്പിച്ചു. 

ജാലിയൻ വാലാബാഗിലെ മൈതാനിയിൽ  ആയിരക്കണക്കിനാളുകൾ  ഒത്തുചേര്‍ന്നിരുന്നു.സമാധാനമായി പ്രതിഷേധിക്കാനായിരുന്നു യോഗം ചേർന്നത്. കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടിയിരുന്നു.ഇതറിഞ്ഞെത്തിയ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിട്ടു.ജാലിയൻ വാലാബാഗിലെ ചുറ്റപ്പെട്ട മതിലുകൾക്കുള്ളില്‍ വെടിയുണ്ടയേറ്റ് മനുഷ്യർ പിടഞ്ഞുവീണിട്ടും വെടിവയപ്പ് തുടരുകയായിരുന്നു.

മൈതാനത്തിനകത്തെ കിണറിലേക്ക് ചാടി ചിലര്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിനുള്ളില്‍ വെച്ച് ജീവന്‍ നഷ്ടമായി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറിൽ നിന്നുമാത്രമായി ലഭിച്ചതെന്നാണ് കണക്ക്.ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ പട്ടാളക്കാര്‍ വെടിവെയ്പ്പ് നടത്തി.

 ബ്രിട്ടിഷ് സർക്കാരിന്‍റെ കണക്കുകൾ 379 പേർ കൂട്ടക്കൊലയിൽ മരണമടഞ്ഞെന്നും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നുമായിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറഞ്ഞത് ആയിരത്തിലധികം പേർ കൊല്ലപ്പെട്ടെന്നും അയിരത്തി അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേറ്റെന്നുമാണ്.ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ അലയടിച്ചിരുന്നു.കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു. പ്രതിഷേധം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ  ജാലിയൻവാലാബാഗ് സംഭവത്തെ മൃഗീയം എന്ന് വിശേഷിപ്പിക്കാൻ തയ്യാറായി. 

 നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനങ്ങളെ യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ചതിൽ ജനറൽ ഡയറെ ഹൗസ് ഓഫ് കോമണസ് നിശിതമായ ഭാഷയിൽ വിമർശിച്ചു.ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടിഷ് സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. 

സ്കോട്ട്ലാന്റിലെ സോളിസിറ്റർ ജനറാലിയിരുന്ന വില്ല്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഈ കമ്മീഷൻ.നവംബർ 19ന് ഡയർ കമ്മീഷന് മുമ്പിൽ ഹാജരായി.  വെടിവെപ്പിനു മുമ്പായി ഡയർ യാതൊരു വിധ മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് ഹണ്ടർ കമ്മീഷൻ കണ്ടെത്തി.  ജാലിയൻവാലാബാഗിൽ മുറിവേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഡയർ തയ്യാറായില്ലെന്നും തികച്ചും മനുഷ്യത്വരഹിതമായിരുന്നു നടപടികളെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാല്‍ ജനറൽ ഡയർക്കെതിരേ യാതൊരു വിധ ശിക്ഷാ നടപടികളും കമ്മീഷൻ ശുപാർശ ചെയ്തിരുന്നില്ല. കുറ്റക്കാരനാണെന്നു കമ്മീഷനുൾപ്പടെ കണ്ടെത്തിയിരുന്നതിനാൽ ഡയറിനെ പിന്നീട് സൈനിക സേവനങ്ങളിൽ നിന്നും തിരിച്ചുവിളിച്ചിരുന്നു. 

ബ്രിട്ടീഷ് അനുകൂലികളായിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവത്തോടുള്ള പകയും പ്രതികാരവും സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയ ഒരു വിഭാഗം ചെറുപ്പാർക്കുണ്ടായി.  ഉദ്ധം സിംഗ് എന്ന ചെറുപ്പക്കാരൻ 1940  മാർച്ച് 13 ന് വൈകുന്നേരം ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ വച്ച് ജനറൽ ഡയറിനെ വെടിവച്ചുവീഴ്ത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.

പിന്നീട് എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദർശനവേളയിൽ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയും രക്തസാക്ഷികസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ചരിത്രത്തിൽ നടക്കാൻപാടില്ലാത്തതു പലതും സംഭവിച്ചിട്ടുണ്ടെന്നും നല്ലൊരു നാളെ പടുത്തുയർത്താൻ ശ്രമിക്കാം എന്നുമായിരുന്നു എലിസബത്ത് രാജ്ഞി പറഞ്ഞത്. 2013 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂൺ ഇന്ത്യാ സന്ദർശനവേളയിൽ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിച്ചു.

ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലേറ്റ മുറിവായി ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എക്കാലവും ഓര്‍മ്മിക്കപ്പെടും. കൂട്ടക്കൊല നടന്ന ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായ ആചരിച്ചുവരുന്നു.