യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷംവരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം  പുണ്യദിനമായി ആഘോഷിക്കുന്നു. 

ആദ്യ വര്‍ഷങ്ങളില്‍ പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെട്ടിരുന്നത്. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. പിന്നീടാണ് പെസഹ മുതല്‍ ദുഃഖ ശനി വരെയുള്ള ദിവസങ്ങള്‍ പെസഹ ത്രിദിനമായും ഉയിര്‍പ്പ് തിരുന്നാള്‍ പ്രത്യേകമായും ആചരിക്കാന്‍ തുടങ്ങിയത്.